30 C
Kottayam
Tuesday, May 14, 2024

രണ്ട് വിദ്യാർഥികള്‍ കൂടി ആത്മഹത്യ ചെയ്തു; പരീക്ഷകൾ നിർത്തിവയ്ക്കാൻ കോച്ചിങ് സെന്ററുകൾക്ക് നിർദേശം

Must read

കോട്ട:നീറ്റ്‌- ജെഇഇ കോച്ചിങ് ഹബ്ബായ രാജസ്ഥാനിലെ കോട്ടയിൽ വിദ്യാർഥികളുടെ ആത്മഹത്യ തുടർക്കഥയാകുന്നു. കഴിഞ്ഞ ദിവസം രണ്ട് വിദ്യാർഥികളെ കൂടി കോട്ടയിൽ ആത്മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. നീറ്റ്‌ പരീക്ഷയ്ക്കായി തയാറെടുത്തുകൊണ്ടിരുന്ന വിദ്യാർഥികളാണ് മരിച്ചത്.

ഈ മാസം മാത്രം കോട്ടയിൽ ആത്മഹത്യ ചെയ്ത വിദ്യാർഥികളുടെ എണ്ണം ആറായി. ഇതോടെ, രണ്ടുമാസത്തേക്ക് കോച്ചിങ് സെന്ററുകളിലെ പരീക്ഷകൾ നിർത്തിവയ്ക്കാൻ സർക്കാർ ഉത്തരവിറക്കി.

മഹാരാഷ്ട്രയിൽ നിന്നുള്ള പതിനാറുകാരനാണ് ഞായറാഴ്ച ആദ്യം ആത്മഹത്യ ചെയ്തത്. വിഗ്യാൻ നഗറിലെ സ്ഥാപനത്തിന്റെ ആറാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. സ്ഥാപനത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് നടത്തിയ വീക്കിലി ടെസ്റ്റ് എഴുതിയ ശേഷമാണ് വിദ്യാർഥി ആത്മഹത്യ ചെയ്തതെന്ന് സർക്കിൾ ഓഫീസർ ധരം വീർ സിങ് അറിയിച്ചു.

ആറ് മണിക്കൂറിന് ശേഷം, രാത്രിയോടെ ബിഹാർ സ്വദേശിയായ മറ്റൊരു വിദ്യാർഥിയെയും റൂമിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുനാദി പ്രദേശത്ത് വാടകയ്‌ക്കെടുത്ത അപ്പാർട്ട്മെന്റിൽ സഹോദരിക്കും സമപ്രായക്കാരായ ബന്ധുക്കൾക്കുമൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. വാതിൽ തുറക്കാതിരുന്നതിനാൽ തള്ളിത്തുറന്ന് അകത്തു കയറിയപ്പോഴാണ് ഫാനിൽ തൂങ്ങിയനിലയിൽ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.

രണ്ട് സംഭവങ്ങൾക്കും പിന്നാലെ, കോച്ചിങ് സെന്ററുകളിലെ പരീക്ഷകൾ രണ്ട് മാസത്തേക്ക് നിർത്തിവയ്ക്കാൻ ജില്ലാ കളക്ടർ ഓം പ്രകാശ് ബങ്കാർ ഉത്തരവിട്ടു.

” രണ്ട് കുട്ടികളുടെയും പെരുമാറ്റത്തിൽ യാതൊരു വ്യത്യാസവും അനുഭവപ്പെട്ടിരുന്നില്ല. മാനസിക സംഘർഷവും വിഷാദരോഗവും അനുഭവിക്കുന്ന വിദ്യാർഥികളെ കണ്ടെത്തുക എളുപ്പമല്ല. മാതാപിതാക്കൾ ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പുലർത്തണം” – കളക്ടർ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week