അഹമ്മദാബാദ്: കോവിഡ് വകഭേദമായ ഒമിക്രോണ്‍ രാജ്യത്ത് രണ്ടു പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. കഴിഞ്ഞയാഴ്ച ഒമിക്രോണ്‍ സ്ഥിരീകരിച്ച ഗുജറാത്ത് സ്വദേശിയുടെ ഭാര്യയ്ക്കും ഭാര്യ സഹോദരനുമാണ് രോഗബാധ കണ്ടെത്തിയത്. ജാംനഗര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ഗുജറാത്തില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നായി.
ഗുജറാത്തിലെ ബയോടെക്നോളജി റിസര്‍ച്ച് സെന്ററില്‍ നടത്തിയ ജീനോം സീക്വന്‍സിംഗിലാണ് ഇവര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചതായി കണ്ടെത്തിയത്. ഇവരെ ഗുരു ഗോബിന്ദ് സിംഗ് ഗവണ്മെന്റ് ആശുപത്രിയിലെ പ്രത്യേക ഒമിക്രോണ്‍ വാര്‍ഡിലേക്കു മാറ്റി.
ഡിസംബര്‍ നാലിനാണ് സിംബാബ്വെയില് നിന്നും മടങ്ങിയെത്തിയ 72കാരന് ജീനോം സീക്വിന്സിംഗില് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതിന്റെ തൊട്ടടുത്ത ദിവസം ഇയാള്‍ക്കൊപ്പം സിംബാബ്വെയില് നിന്നും വന്ന ഭാര്യയ്ക്കും ജാംനഗറില്‍ താമസിക്കുന്ന ഭാര്യ സഹോദരനും കോവിഡ് ബാധയുണ്ടെന്ന് കണ്ടെത്തി.
തുടര്‍ന്ന് നടത്തിയ ജീനോം സീക്വന്‍സിംഗിലാണ് ഇവര്‍ രണ്ടുപേര്‍ക്കും ഒമിക്രോണുണ്ടെന്ന് സ്ഥിരീകരിച്ചത്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ഇവര്‍ താമസിക്കുന്ന റെസിഡന്‍ഷ്യല്‍ സൊസൈറ്റിയെ മൈക്രോ കണ്ടെയ്ന്മെന്റ് സോണായി മുന്‍സിപ്പല്‍ കോര്പ്പറേഷന് പ്രഖ്യാപിച്ചിരുന്നു. ഇവിടേക്കുള്ള സഞ്ചാരം നിയന്ത്രിക്കുകയും ചെയ്തിരുന്നു.