25.6 C
Kottayam
Friday, April 19, 2024

രണ്ട് ചൈനീസ് ആപ്പുകള്‍ കൂടി നിരോധിച്ച് ഇന്ത്യ

Must read

ന്യൂഡല്‍ഹി: ചൈനീസ് സെര്‍ച്ച് എഞ്ചിന്‍ ആപ്പായ ബൈഡുവും സോഷ്യല്‍ മീഡിയ ആപ്പായ വീബോയും നിരോധിച്ച് ഇന്ത്യ. നേരത്തെ രണ്ടു ഘട്ടങ്ങളിലായി ചൈനീസ് ആപ്പുകള്‍ നിരോധിച്ചതിന് പിന്നാലെയാണ് ഈ രണ്ട് ആപ്പുകളുടേയും നിരോധനം. ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്യാനും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ജൂലൈ 27 ന് നിരോധിച്ച ആപ്പുകളുടെ പട്ടികയില്‍ ഉള്‍പ്പെട്ടവയാണ് ഇവ എന്നാണ് റിപ്പോര്‍ട്ട്.

സിന കോര്‍പറേഷന്‍ 2009ലാണ് വെയ്‌ബോ പുറത്തിറക്കിയത്. രാജ്യാന്തര തലത്തില്‍ 500 മില്യണ്‍ ഉപഭോക്താക്കളാണ് വെയ്‌ബോയ്ക്കുള്ളത്. 2015ലെ ചൈനീസ് സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ മോദിയും വെയ്‌ബോയില്‍ അക്കൗണ്ട് എടുത്തിരുന്നു. എന്നാല്‍ ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ഈ അക്കൗണ്ട് അദ്ദേഹം ഡിലീറ്റ് ചെയ്തു. രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്‌സും 100ല്‍ അധികം പോസ്റ്റുകളുമാണ് മോദിയുടെ വെയ്‌ബോ അക്കൗണ്ടിനുണ്ടായിരുന്നത്. ‘ഹലോ ചൈന, വെയ്‌ബോയിലൂടെ ചൈനീസ് സുഹൃത്തുക്കളുമായി സംസാരിക്കാന്‍ കാത്തിരിക്കുന്നു’ എന്നതായിരുന്നു മോദിയുടെ ആദ്യ സന്ദേശം.

ഇന്ത്യയില്‍ സ്ഥാനം നേടുന്നതിനുള്ള കഠിനശ്രമത്തിനിടെയാണ് ബൈഡു ഇവിടെ നിരോധിച്ചത്. ബൈഡു സിഇഒ റോബിന്‍ ലി ഐഐടി മദ്രാസില്‍ ഈ ജനുവരിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെ ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ ശ്രമിക്കുന്നകാര്യം വ്യക്തമാക്കുകയും ചെയ്തിരുന്നു. ചൈനയുടെ തന്ത്രപ്രധാനമായ രണ്ടു ഉത്പന്നങ്ങളാണ് വെയ്‌ബോയും ബൈഡുവും. ഗൂഗിള്‍ പ്ലേസ്റ്റോറില്‍നിന്നും ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍നിന്നും ഇവ നീക്കം ചെയ്യാനും ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡറുകളോട് വിലക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞമാസം 27ന് കേന്ദ്രം നിരോധിച്ച 47 ആപ്പുകളുടെ പട്ടികയില്‍പ്പെടുന്നതാണ് ഇതെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. കൂടുതല്‍ ആപ്പുകള്‍ നിരോധിക്കുന്നതിനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.

ഇന്ത്യ ചൈന അതിര്‍ത്തി തര്‍ക്കം രൂക്ഷമായതിനു പിന്നാലെ ടിക്ടോക്, യുസി ബ്രൗസര്‍, ഹലോ, ഷെയര്‍ ഇറ്റ് തുടങ്ങി 59 ആപ്പുകളാണ് ആദ്യം കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നത്. പിന്നാലെ ഇവയുടെ ക്ലോണ്‍ ആപ്പുകളായ 47 എണ്ണവും നിരോധിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week