ഹൈദരാബാദ്:സൈദാബാദിൽ ആറുവയസുകാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിന് ദിവസങ്ങള്‍ പിന്നാലെ തെലങ്കാനയില്‍ പീഡനത്തിനിരയായ രണ്ട് പെണ്‍കുട്ടികള്‍ കൂടി. പ്രായപൂര്‍ത്തിയാവാത്ത രണ്ട് പെണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട വിവരം വ്യാഴാഴ്ചയാണ് പുറത്തുവരുന്നത്.
രണ്ട് സംഭവങ്ങളിലായാണ് അതിക്രമം നടന്നിരിക്കുന്നത്. ജഗ്തിയാല്‍ ജില്ലയിലാണ് ആറുവയസുകാരിയെ കൌമാരക്കാരന് പീഡിപ്പിച്ചത്. സമാനമായ സംഭവത്തില്‍ മംഗാള്‍ഹട്ടില്‍ ഒന്‍പതുവയസുകാരിയെയാണ് അടുത്ത ബന്ധു ക്രൂരപീഡനത്തിന് ഇരയാക്കിയത്.
വീട്ടില്‍ തനിച്ചായിരുന്ന ആറുവയസുകാരിയെ ബുധനാഴ്ച രാത്രിയാണ് പീഡനത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ വീട്ടിലേക്ക് കൌമാരക്കാരന് അതിക്രമിച്ച് കയറിയായിരുന്നു പീഡനം.സ്വകാര്യ ഭാഗങ്ങളിലെ വേദനയേക്കുറിച്ച് പെണ്‍കുട്ടി വ്യാഴാഴ്ച അമ്മയോട് പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തായത്. ഹൈദരബാദില്‍ പഠിക്കുന്ന കൌമാരക്കാരനെ സംഭവത്തില്‍ പൊലീസ് തെരയുന്നുണ്ട്. ജഗ്തിയാലിലെ ധര്‍മ്മപുരിയില്‍ മുത്തശ്ശനേയും മുത്തശ്ശിയേയും സന്ദര്‍ശിക്കാനെത്തിയ കൌമാരക്കാരനെയാണ് അക്രമി.
മംഗാള്‍ഹട്ടില്‍ ഒന്‍പതുകാരിയെ പീഡിപ്പിച്ചത് അടുത്ത ബന്ധുവാണ്. ഭര്‍ത്താവ് സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തുന്നത് സംബന്ധിച്ച് പെണ്‍കുട്ടിയുടെ അമ്മ പൊലീസില്‍ പരാതിപ്പെട്ടിരുന്നു. ഇവരെ ഇത് സംബന്ധിച്ച കൌണ്‍സിലിംഗിനായി പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച സമയത്തായിരുന്നു ഒന്‍പതുവയസുകാരിയെ അടുത്ത ബന്ധു പീഡിപ്പിച്ചത്.
മദ്യപിച്ച് വീട്ടിലെത്തിയ അടുത്ത ബന്ധു മകളെ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ അമ്മ പരാതിപ്പെട്ടിരിക്കുന്നത്. ഉറക്കത്തില്‍ നിന്ന് എഴുന്നേറ്റ ഒന്‍പത് വയസുകാരി അമ്മയെ കാണാതെ അന്വേഷിക്കുമ്പോഴാണ് പ്രതിയെ കാണുന്നത്. അമ്മയുടെ അടുത്ത് കൊണ്ട് പോവാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ട് പോയ ശേഷമായിരുന്നു പീഡനം. അതേസമയം പൊലീസ് സ്റ്റേഷനില്‍ നിന്ന് തിരികെയെത്തിയ രക്ഷിതാക്കള്‍ മകളെ കാണാതെ അന്വേഷിക്കുമ്പോഴാണ് ഇയാള്‍ കുട്ടിയെ അക്രമിക്കുന്നത് കണ്ടത്. ഇയാളെ നാട്ടുകാര്‍ കയ്യോടെ പൊലീസില്‍ ഏല്‍പ്പിച്ചു.
സൈദാബാദിൽ ആറുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച പ്രതിയെ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് ഈ സംഭവങ്ങള്‍ പുറത്തായത്. സെയ്ദാബാദ് സ്വദേശി പല്ലക്കോണ്ട രാജു(30) ആണ് മരിച്ചത്. പ്രതി ട്രെയിനിനു മുന്നില്‍ ചാടിയെന്നാണ് പോലീസിന്റെ വിശദീകരണം.
കഴിഞ്ഞ വ്യാഴാഴ്ചയാണു ഹൈദരാബാദിൽ ആറുവയസുകാരിയെ രാജു(30)മാനഭംഗപ്പെടുത്തി കൊന്നത്. സെയ്ദാബാദ് മേഖലയിലായിരുന്നു സംഭവം. വ്യാഴാഴ്ച രാവിലെ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം വെള്ളിയാഴ്ച രാവിലെ പ്രതിയുടെ വീട്ടിൽ കണ്ടെത്തുകയായിരുന്നു.
കൊലപാതക ശേഷം രക്ഷപെട്ട പ്രതിയെ പിടികൂടാൻ കഴിയാത്തത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവർക്ക് ഹൈദരാബാദ് സിറ്റി പോലീസ് പത്തു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അതിനിടെ, പ്രതിയെ പിടികൂടി ഏറ്റുമുട്ടലിൽ വധിക്കുമെന്ന് തെലുങ്കാന തൊഴിൽ മന്ത്രി മല്ല റെഡ്ഢി പറഞ്ഞത് വിവാദമായിരുന്നു.