CrimeKeralaNews

പൂപ്പാറയിൽ 15-കാരിയെ കൂട്ടബലാത്സംഗം ചെയ്ത രണ്ട് പേർ കൂടി തമിഴ്നാട്ടിൽ അറസ്റ്റിൽ

ഇടുക്കി: പൂപ്പാറയിൽ ഇതരസംസ്ഥാനക്കാരിയായ 15 വയസ്സുകാരിയെ  കൂട്ട ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പേരെക്കൂടി ശാന്തൻപാറ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിനു ശേഷം തമിഴ് നാട്ടിലേക്ക് രക്ഷപെട്ടവരാണ് കസ്റ്റഡിയിലായത്. പൂപ്പാറ സ്വദേശികളാണ് ഇരുവരും. കേസിൽ നാലു പേരെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പൂപ്പാറ സ്വദേശികളായ സാമുവൽ, അരവിന്ദ് കുമാർ, പ്രായപൂർത്തിയാകാത്ത രണ്ടു പേർ എന്നിവരാണ് അറസ്റ്റിലായത്. 

അറസ്റ്റിലായ നാലുപേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പെൺകുട്ടിയുടെ സുഹൃത്തുക്കളായ രണ്ട് ബംഗാൾ സ്വദേശികളും പോലീസ് കസ്റ്റഡിയിലുണ്ട്. ഞായറാഴ്ച വൈകുന്നേരം സുഹൃത്തിനൊപ്പം തേയിലത്തോട്ടത്തിൽ എത്തിയപ്പോഴാണ്  പ്രതികൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. 

പശ്ചിമബംഗാൾ സ്വദേശിയാണ് പെൺകുട്ടി. രാജാക്കാട് ഖജനാപ്പാറയിൽ തോട്ടം തൊഴിലാളികളാണ് കുട്ടിയുടെ മാതാപിതാക്കൾ. ബംഗാൾ സ്വദേശിയായ ആൺ സുഹൃത്തിനൊപ്പം ഓട്ടോ റിക്ഷയിലാണ് പെൺകുട്ടി പൂപ്പാറയിലെത്തിയത്. ഇവിടുത്തെ ബെവ്കോ ഔട്ട് ലെറ്റിൽ നിന്നും സുഹൃത്ത് മദ്യം വാങ്ങി. തുടർന്ന് ഇരുവരും എസ്റ്റേറ്റ് – പൂപ്പാറ റൂട്ടിലുള്ള തേയിലത്തോട്ടത്തിലെത്തി. ഇവിടെ ഇരിക്കുമ്പോഴാണ് പൂപ്പാറ സ്വദേശികളായ അഞ്ചു പേർ ഇവരുടെ അടുത്തെത്തിയത്. ഇവർ സുഹൃത്തിനെ മർദ്ദിച്ച ശേഷമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

പതിനഞ്ചുകാരി ബഹളം വച്ചതോടെ അതുവഴി പോയ നാട്ടുകാരിൽ ചിലരെത്തി. ഇതോടെ പ്രതികൾ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ വിവരം അറിയിച്ചതനുസരിച്ച് ശാന്തൻപാറ പോലീസ് സ്ഥലത്തെത്തി. പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളജിലെത്തിച്ച് വൈദ്യ പരിശോധനക്ക് വിധേയയാക്കി. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി രഹസ്യ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സംഭവ സ്‌ഥലത്ത് ഇടുക്കി എസ് പി യുടെ നേതൃത്വത്തിൽ പരിശോധന നടത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button