അയർലൻഡിൽ മലയാളികളായ രണ്ട് ആൺകുട്ടികൾ തടാകത്തിൽ മുങ്ങിമരിച്ചു

ബെൽഫാസ്റ്റ്: വടക്കന്‍ അയര്‍ലന്‍ഡിൽ മലയാളികളായ രണ്ട് കൗമാരക്കാര്‍ തടാകത്തിൽ മുങ്ങിമരിച്ചു. ലണ്ടന്‍ഡെറി കൗണ്ടിയില്‍ ഇനാഗ് ലോഗ് തടാകത്തിലാണ് ജോസഫ് സെബാസ്റ്റ്യന്‍ (16), റുവാൻ (16) എന്നിവർ മുങ്ങിമരിച്ചത്. സെന്റ് കൊളംബസ് കോളജ് വിദ്യാര്‍ഥികളാണ് ഇരുവരും.

എരുമേലി കൊരട്ടി കുറുവാമുഴിയിലെ ഒറ്റപ്ലാക്കല്‍ സെബാസ്റ്റ്യന്‍ ജോസഫ് എന്ന അജു–വിജി ദമ്പതികളുടെ മകനാണ് ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യന്‍. കണ്ണൂര്‍ പയ്യാവൂര്‍ പൊന്നുംപറമ്പത്ത് മുപ്രാപ്പള്ളിയിൽ ജോഷിയുടെ മകനാണ് റുവാൻ.

കൂട്ടുകാരോടൊപ്പം തടാകത്തിലിറങ്ങിയ കുട്ടികള്‍ മുങ്ങിപ്പോകുകയായിരുന്നെന്നാണ് റിപ്പോർട്ട്. പ്രാദേശിക സമയം വൈകിട്ട് ആറരയോടുകൂടിയായിരുന്നു സംഭവം. ഒരാള്‍ സംഭവസ്ഥലത്തും മറ്റെയാള്‍ ആശുപത്രിയിലെത്തിച്ചതിനുശേഷവുമാണ് മരിച്ചതെന്ന് അധികൃതര്‍ അറിയിച്ചു. മറ്റൊരു കുട്ടിയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നാമത്തെ കുട്ടി നിലവിളിച്ച് ആളെ കൂട്ടിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

എമർജൻസി വിഭാഗത്തിന് വിവരം ലഭിച്ച ഉടനെ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. ഒരു കുട്ടിയെ വെള്ളത്തിൽ നിന്ന് കരയിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് രണ്ടാമത്തെ കുട്ടിയുടെ മൃതദേഹം കണ്ടെടുക്കുകയായിരുന്നുവെന്ന് ഡെറി സിറ്റി ഇൻസ്പെക്ടർ ബോർഗൻ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News