KeralaNews

കാവേരി നദിയില്‍ കുളിക്കാനിറങ്ങിയ രണ്ട് മലയാളി യുവാക്കള്‍ മുങ്ങിമരിച്ചു

കോയമ്പത്തൂർ:കാവേരി നദിയിൽ കുളിക്കാനിറങ്ങിയ രണ്ട് മലയാളി യുവാക്കൾ മുങ്ങിമരിച്ചു. മലപ്പുറം പൊന്നാനി പ്രകാശിന്റെ മകൻ യദു (22), പത്തനംതിട്ട തിരുവല്ല ബാബുവിന്റെ മകൻ കിരൺ ബാബു (23) എന്നിവരാണ് മരിച്ചത്.

ഈറോഡ് ജില്ലയിലെ കൊടുമുടിക്ക് അടുത്തുള്ള കാരണം പാളയം അണക്കെട്ടിൽ കുളിക്കുന്നതിനിടെയാണ് ഇരുവരും അപകടത്തിൽപ്പെട്ടത്. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുടെ നിലവിളി കേട്ട് മീൻപിടിത്തക്കാരാണ് ഇരുവരെയും കരയിലേക്ക് കൊണ്ടുവന്നത്. കരയിലേക്ക് എത്തിക്കുമ്പോൾ തന്നെ ഇരുവർക്കും ജീവനില്ലായിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്.

മരിച്ച കിരൺ ബാബു ബാംഗ്ലൂരിൽ ഐടി കമ്പനി ജീവനക്കാരനാണ്. വിനായകചതുർത്ഥി ആഘോഷത്തോടനുബന്ധിച്ച് ഈറോഡ് ചെന്നിമല മുകാശിപിടാരിയൂർ സ്വദേശി നരേന്ദ്രന്റെ വീട്ടിലേക്ക് എത്തിയതായിരുന്നു സുഹൃത്തുക്കളായ ഏഴംഗ സംഘം. കോട്ടയം നന്ദൻ കാവ് സ്വദേശി വിഷ്ണു പ്രസാദ്, മറ്റൊരു മലയാളിയായ ഗൗതം, ചെന്നൈ ആലംപാക്കം സ്വദേശി അശോക്, തിരുപ്പൂർ സ്വദേശി വിജയകുമാർ, തൂത്തുക്കുടി സ്വദേശി രാംകുമാർ എന്നിവരോടൊപ്പമാണ് യദുവും കിരൺ ബാബുവും എത്തിയത്.

അണക്കെട്ട് ഭാഗത്ത് എത്തുമ്പോൾ നരേന്ദ്രൻ സുഹൃത്ത് ഹൃദയ മൂർത്തിയും കൂടെയുണ്ടായിരുന്നു. അവധി ദിവസമായതിനാൽ കാരണംപാളയം ഭാഗത്ത് രണ്ടു കാറുകളിലായി ഒൻപത് പേരടങ്ങുന്ന സംഘം കുളിക്കാൻ എത്തിയതായിരുന്നു. കാവേരിക്ക് കുറുകെ കെട്ടിയ തടയണയാണ് കാരണം പാളയം അണക്കെട്ട്. ഇരുവരുടെയും മൃതദേഹങ്ങൾ പെരുന്തുറ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഞായറാഴ്ച ബന്ധുക്കൾ എത്തിയാൽ പോസ്റ്റ്മോർട്ടത്തിനുശേഷം മേൽ നടപടികൾ സ്വീകരിക്കുമെന്ന് മലയാംപാളയം പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button