പാലക്കാട്ട് ബസ് മറിഞ്ഞ് രണ്ട് മരണം; അപകടത്തിൽപ്പെട്ടത് ചെന്നെയിൽനിന്ന് കോഴിക്കോട്ടേക്ക് പോയ ബസ്

തിരുവാഴിയോട്: പാലക്കാട് തിരുവാഴിയോട് സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് മരണം. ചെന്നൈയിൽനിന്ന് കോഴിക്കോടേക്ക് പോയ ബസാണ് അപകടത്തിൽപ്പെട്ടത്. കാർഷിക വികസന ബാങ്കിന് മുന്നിൽ ബുധനാഴ്ച പുലർച്ചെയാണ് അപകടം.

ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ബസിന്റെ അടിയിൽപ്പെട്ട രണ്ട് പേരാണ് മരിച്ചത്. ഇവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഇവരുടെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

38 പേരായിരുന്നു ബസിൽ ഉണ്ടായിരുന്നത്. ബസിലുണ്ടായിരുന്നവരെയെല്ലാം പുറത്തെടുത്തിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ സമീപത്തെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ഇവരിൽ ആരുടെയും നില ​ഗുരുതരമല്ലെന്നാണ് നിലവിൽ ലഭ്യമാകുന്ന വിവരം.

നിയന്ത്രണം വിട്ട് മറിഞ്ഞതോടെ റോഡിന് കുറുകെ കിടക്കുന്ന നിലയിലായിരുന്നു ബസ്. ബസ് റോഡിൽനിന്ന്‌ മാറ്റാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News