റിയാദ്: സൗദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് രണ്ട് മലയാളികൾ മരിച്ചു. റിയാദിൽ നിന്ന് ഏകദേശം 500 കിലോമീറ്റർ അകലെ ഹോത്ത ബനീ തമീം – മക്ക റോഡിലെ മഹ്‌ലൂമിയ എന്ന സ്ഥലത്ത് വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അപകടം. പത്തനാപുരം സ്വദേശിനി ഷീബ, നിലമ്പൂർ സ്വദേശിയും ഉംറ ഗ്രൂപ്പ് അമീറുമായ ഇസ്മാഈൽ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ബസിലുണ്ടായിരുന്ന ഏകദേശം 50 ഓളം യാത്രക്കാരിൽ ഭൂരിഭാഗം പേർക്കും പരിക്കേറ്റു.
മരിച്ച ഷീബ വർഷങ്ങളായി ഭർത്താവിനോടൊപ്പം ഹോത്ത ബനീ തമീമിൽ താമസിച്ചുവരികയായിരുന്നു. പരിക്കേറ്റവരിൽ മലയാളികളെ കൂടാതെ മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ബംഗ്ലാദേശ് സ്വദേശികളും ഉൾപ്പെടുന്നു. ഇവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകിവരികയാണ്.
വ്യാഴാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ഹോത്ത ബനീ തമീമിൽ നിന്നാണ് തീർഥാടകരുമായി ബസ് മക്ക ലക്ഷ്യമാക്കി യാത്ര തിരിച്ചത്. യാത്രാമധ്യേ ഹരീഖ് പട്ടണത്തിലെത്തി സുബഹി നമസ്കാരം നിർവഹിച്ച ശേഷം സംഘം യാത്ര തുടർന്നു. ബസിൻ്റെ ബ്രേക്കിന് തകരാർ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഒരു വർക്ക്ഷോപ്പിൽ കയറ്റി അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇതിന് ശേഷം യാത്ര തുടരുന്നതിനിടെയാണ് മഹ്‌ലൂമിയയിൽ വെച്ച് ബസിൻ്റെ പിൻവശത്തെ രണ്ട് ടയറുകൾ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്. ടയർ പൊട്ടിത്തെറിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബസ് എതിർദിശയിലുള്ള റോഡിലേക്ക് ഇടിച്ചുകയറി മറിയുകയായിരുന്നു.
അപകടത്തിൻ്റെ ആഘാതത്തിൽ ബസിൻ്റെ മുകൾ വശത്തെ പാളികൾ തകർന്നുമാറുകയും, ഈ വിടവിലൂടെ പുറത്തേക്ക് തെറിച്ചുപോയ ഷീബയും ഇസ്മാഈലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയുമായിരുന്നു. അപകടസമയത്ത് ഭൂരിഭാഗം യാത്രക്കാരും ഉറക്കത്തിലായിരുന്നതിനാൽ ആഘാതം വർധിച്ചു. ബസിൻ്റെ മുൻഭാഗവും പൂർണമായും തകർന്നു. തകർന്ന വിടവുകളിലൂടെയാണ് മറ്റ് യാത്രക്കാർ പുറത്തിറങ്ങിയത്. ആദ്യം പുറത്തെത്തിയവർ ചേർന്നാണ് ബാക്കിയുള്ളവരെ രക്ഷപ്പെടുത്തിയത്. വിവരമറിഞ്ഞയുടൻ വിജനമായ അപകടസ്ഥലത്ത് പോലീസും റെഡ് ക്രസൻ്റും ആംബുലൻസുകളും എത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
Two Keralites were killed in a tragic bus accident in Saudi Arabia involving Umrah pilgrims. The incident occurred around 1:00 PM on Thursday at Mahloumiya, located on the Houta Bani Tamim-Mecca Road, approximately 500 km from Riyadh. The deceased have been identified as Sheeba, a native of Pathanapuram, and Ismail, an Umrah group leader (Amir) from Nilambur. Among the 50 passengers on board, a majority sustained injuries when the bus overturned. Local authorities and rescue teams arrived at the scene to provide medical assistance and transport the injured to nearby hospitals.


