ഉറി: ജമ്മുകശ്മീരിരെ ബഹാമുള്ളയില്‍ നുഴഞ്ഞുകയറ്റം തടയാന്‍ ശ്രമിക്കുന്നതിനിടെയില്‍ രണ്ട് സൈനികര്‍ക്ക് വീരമൃത്യു. പാക് സൈന്യത്തിന്റെ ഭാഗമായ ബോര്‍ഡര്‍ ആക്ഷന്‍ ടീമിന്റെ ( ബിഎടി) സഹായത്തോടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനുള്ള ശ്രമം സൈന്യം പ്രതിരോധിച്ചതോടെയുണ്ടായ വെടിവെപ്പിലാണ് സൈനികന്‍ വീരമൃത്യുവരിച്ചത്. ശിപായ് ബനോത് അനില്‍കുമാര്‍ ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി ആരംഭിച്ച ആക്രമണം ബുധനാഴ്ച പുലര്‍ച്ചെവരെ നീണ്ടുനിന്നു. നിയന്ത്രണരേഖയോട് ചേര്‍ന്ന ബരാമുള്ളയിലെ ഉറി സെക്ടറിലാണ് നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായത്. സൈന്യത്തിന്റെ ശ്രദ്ധതിരിക്കാന്‍ ബിഎടി ഉറിയിലെ ഫോര്‍വേര്‍ഡ് പോസ്റ്റിന് നേര്‍ക്ക് തുടര്‍ച്ചയായി നിറയൊഴിച്ചു. സൈന്യത്തിന്റെ 16-ാം സിഖ് ലൈറ്റ് ഇന്‍ഫന്‍ട്രി ബറ്റാലിയന്റെ നേതൃത്വത്തില്‍ തിരച്ചടിച്ചു. നുഴഞ്ഞുകയറ്റ ശ്രമം തടയുന്നതിനിടെ നടന്ന ഏറ്റുമുട്ടലിലാണ് രണ്ട് സൈനികര്‍ക്ക് പരിക്കേറ്റത്.
ഹവില്‍ദാര്‍ അന്‍കിത്, ശിപായ് ബനോത് അനില്‍കുമാര്‍ എന്നിവര്‍ക്കാണ് മാരകമായി പരിക്കേറ്റത്. ഇതില്‍ ബനോത് അനില്‍കുമാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിതന്നെ ജീവന്‍വെടിഞ്ഞു. രാത്രിയില്‍ ഏതെങ്കിലും ഭീകരവാദികള്‍ നിയന്ത്രണരേഖ മറികടന്നോയെന്ന് കണ്ടെത്താന്‍ പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തുന്നുണ്ട്.
ഓപ്പറേഷന്‍ അഖാല്‍ എന്ന പേരില്‍ ദക്ഷിണ കശ്മീരില്‍ ഭീകരവാദികളെ കണ്ടെത്താനുള്ള സൈനിക നടപടി തുടരുന്നതിനിടെയാണ് വീണ്ടും നുഴഞ്ഞുകയറ്റശ്രമം ഉണ്ടായത്. ഓപ്പറേഷന്‍ അഖാലിന്റെ ഭാഗമായി അഞ്ച് ഭീകരവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. രണ്ട് സൈനികര്‍ വീരമൃത്യുവരിക്കുകയും ചെയ്തു. ഓഗസ്റ്റ് ഒന്നിന് ആരംഭിച്ച ദൗത്യം കഴിഞ്ഞ 13 ദിവസമായി തുടരുകയാണ്. വനത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരവാദികളെ കണ്ടെത്തി പിടികൂടുകയോ വധിക്കുകയോ ആണ് ലക്ഷ്യം.
ഓപ്പറേഷന്‍ മഹാദേവ് എന്ന പേരില്‍ നടത്തിയ സൈനിക നടപടിയില്‍ പഹല്‍ഗാം ഭീകരാക്രമണത്തില്‍ പങ്കെടുത്ത മൂന്ന് ഭീകരവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഓപ്പറേഷന്‍ അഖാല്‍ ആരംഭിച്ചത്. ഇതിനിടെ ഓപ്പറേഷന്‍ ശിവ് ശക്തി എന്നപേരില്‍ നടത്തിയ ദൗത്യത്തിനിടെ രണ്ട് ഭീകരവാദികളെയും വധിച്ചിരുന്നു.


