വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളിയിലെ കല്ലറ തുറന്നപ്പോള്‍ അലറിവിളിച്ചോടി തൊഴിലാളികള്‍; ഒരു കല്ലറയിൽ രണ്ടു മൃതദേഹങ്ങൾ ?അന്വേഷണം

കണ്ണൂര്‍: ഒരു മലയോര ഗ്രാമത്തെയും ക്രൈസ്തവ സഭയെയും ഒരേപോലെ പിടിച്ചുകുലുക്കിക്കൊണ്ട് കണ്ണൂര്‍ ജില്ലയിലെ കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നു കിടക്കുന്ന വാണിയപ്പാറയില്‍ നിന്നും ഞെട്ടിക്കുന്നൊരു വാര്‍ത്ത വന്നു. വാണിയപ്പാറ ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയിലെ ഒരു കല്ലറ തുറന്നപ്പോഴാണ് ദുരൂഹത തോന്നിക്കുന്ന കാഴ്ച കണ്ടത്.

കഴിഞ്ഞ വെള്ളിയാഴ്ച ഒരു മരണ അറിയിപ്പിനായി പള്ളിയില്‍ കൂട്ടമണി മുഴങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. മരണപ്പെട്ട ആളുടെ സംസ്‌കാര ചടങ്ങുകള്‍ക്കായി അവരുടെ കുടുംബ കല്ലറ ഒരുക്കാന്‍ തൊഴിലാളികള്‍ സെമിത്തേരിയില്‍ എത്തി. തലശ്ശേരി രൂപതയില്‍പ്പെട്ട ഈ ഇടവകയില്‍ ഒന്നിനുപിറകെ ഒന്നായി മൃതദേഹങ്ങള്‍ അടക്കുന്ന റൊട്ടേഷന്‍ ക്രമത്തിലുള്ള കല്ലറയാണ് പണികഴിപ്പിച്ചിട്ടുള്ളത്.

പള്ളിയിലെ രേഖകള്‍ പ്രകാരം 2013-ല്‍ ഒരാളെ മാത്രം സംസ്‌കരിച്ചിട്ടുള്ള ആ കല്ലറയുടെ കോണ്‍ക്രീറ്റ് സ്ലാബ് തുറന്ന തൊഴിലാളികള്‍ കണ്ടത് അവരെ അക്ഷരാര്‍ത്ഥത്തില്‍ ഭയപ്പെടുത്തിയ കാഴ്ചയായിരുന്നു. കല്ലറയ്ക്കുള്ളിലെ ശവപ്പെട്ടിയോട് ചേര്‍ന്ന്, പ്ലാസ്റ്റിക് പായയില്‍ നാലടി നീളത്തില്‍ രണ്ട് തുണിക്കഷ്ണങ്ങള്‍ വെച്ച് വരിഞ്ഞുമുറുക്കി കെട്ടിയ നിലയില്‍ മറ്റാര്‍ക്കും അറിയാത്ത രണ്ടാമതൊരു വസ്തു കൂടി അവിടെ കിടക്കുന്നു! ഭയന്നോടിയ തൊഴിലാളികള്‍ ഉടന്‍ തന്നെ പള്ളി അധികൃതരെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു.

ക്രിസ്ത്യന്‍ സമുദായത്തിന്റെ പരമ്പരാഗത ആചാരങ്ങളുടെ ഭാഗമായി ഇതുവരെ പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞ് ഒരു സംസ്‌കാര ശുശ്രൂഷയും ഒരിടത്തും നടത്തിയിട്ടുള്ളതായി ആര്‍ക്കും അറിവില്ല. നിലവിലുള്ള ശവപ്പെട്ടിയുടെ വശത്ത് വെറും ലാഘവത്തോടെ പ്ലാസ്റ്റിക് പായയില്‍ പൊതിഞ്ഞൊരു വസ്തു എങ്ങനെ ഈ കുഴിയില്‍ വന്നു എന്നതുതന്നെയാണ് ഏറ്റവും വലിയ ദുരൂഹത. പള്ളി രേഖകളില്‍ നിലവില്‍ ഒരു മൃതദേഹം മാത്രമേ അടക്കം ചെയ്തിട്ടുള്ളൂ എന്ന് വ്യക്തമായിരിക്കെ, രണ്ടാമതൊരു വസ്തു ആര്, എപ്പോള്‍, എങ്ങനെ കൊണ്ടുവന്ന് രഹസ്യമായി ഈ കല്ലറയില്‍ നിക്ഷേപിച്ചു എന്നത് വലിയ ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്. പുറത്തുനിന്നാരോ കൊലപാതകം നടത്തി, തെളിവ് നശിപ്പിക്കാനായി ആരും കാണാതെ കല്ലറയ്ക്കുള്ളില്‍ കൊണ്ടുവന്ന് തള്ളിയതാകാമെന്ന് നാട്ടുകാര്‍ സംശയം പ്രകടിപ്പിക്കുന്നു. നാട്ടുകാരനായ ജില്‍സ് ഉണ്ണിമാക്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ് വന്നതോടെയാ്ണ് വിവരം പുറത്തറിഞ്ഞത്.

പോസ്റ്റിൻ്റെ പൂർണം രൂപമിങ്ങനെ:

നാട്ട് പ്രമാണിമാരും ക്രിസ്ത്യന്‍ സഭയുടെ പ്രധാനികളൊക്കെ എവിടെ പോയി ഒളിച്ചു…..

പിന്നെന്താണ് ആ സ്ഥലപരിധിയുയിലുള്ള പോലീസ് കാര്യങ്ങള്‍ അറിഞ്ഞിട്ടും കര്‍ശനമായുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകാത്തത് ??

ഇതൊരു ഗൗരവമായൊരു ക്രൈം ആണ്…അത് അന്വേഷിച്ചു കണ്ടുപിടിക്കാന്‍ കേരള പോലീസ് ബാധ്യസ്ഥരുമാണ്

കുടുംബ കല്ലറകളില്‍ സാധാരണയായി 10 മുതല്‍ 15 വര്‍ഷം കൂടുമ്പോഴാണ് അടുത്ത മരണം സംഭവിച്ച് കല്ലറ തുറക്കാറുള്ളത്. ഒരു മരണം കഴിഞ്ഞ് 2-3 വര്‍ഷത്തിനകം ഇതുപോലെ കൊലപാതകം നടത്തി മൃതദേഹം കൊണ്ടുപോയി മറവു ചെയ്താല്‍, 10-15 വര്‍ഷത്തിന് ശേഷം അടുത്ത മരണത്തിനായി കല്ലറ തുറക്കുമ്പോള്‍ അസ്ഥികള്‍ പോലും അവശേഷിച്ചിട്ടുണ്ടാവുകയില്ലെന്ന അതിഭയങ്കരമായ ക്രിമിനല്‍ ബുദ്ധിയാകാം ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നും നാട്ടുകാര്‍ സംശയിക്കുന്നു.

എന്നാല്‍, ഇത്രയും വലിയൊരു സംഭവം നടന്നിട്ടും ഈ നാട്ടിലെ നിയമപാലകരായ പോലീസും, നാട്ടുപ്രമാണിമാരും, ക്രിസ്ത്യന്‍ സഭയുടെ പ്രധാനികളുമൊക്കെ എവിടെപ്പോയി ഒളിച്ചു എന്നാണ് പൊതുജനം ചോദിക്കുന്നത്. സംഭവമറിഞ്ഞ് കരിക്കോട്ടുപുര പോലീസിനെ നാട്ടുകാര്‍ വിവരമറിയിച്ചിട്ടും കടുത്ത നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ പോലീസ് ആദ്യം മടി കാണിച്ചു. പിന്നീട് വിശ്വാസികളും നാട്ടുകാരും സോഷ്യല്‍ മീഡിയയിലൂടെ വിഷയം വലിയ രീതിയില്‍ ചര്‍ച്ച ചെയ്യുകയും പ്രതിഷേധം ഉയര്‍ത്തുകയും ചെയ്തതോടെയാണ് പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിക്കാന്‍ നിര്‍ബന്ധിതരായത്. പോലീസിന്റെ ഈ വിമുഖതയ്ക്ക് പിന്നില്‍ ആരുടെയെങ്കിലും സ്വാധീനമുണ്ടോ എന്ന ചോദ്യവും ശക്തമാണ്.

കണ്ണൂര്‍ ജില്ലയില്‍ മാത്രം പൊതുജനത്തിന് എപ്പോള്‍ വേണമെങ്കിലും പ്രവേശിക്കാനാകുന്ന ഇത്തരം നൂറുകണക്കിന് പള്ളി സെമിത്തേരികള്‍ ഉണ്ട്. സാമൂഹ്യവിരുദ്ധര്‍ക്ക് കൊലപാതകം നടത്തിയതിന് ശേഷം എപ്പോള്‍ വേണമെങ്കിലും സ്ലാബ് നീക്കി ബോഡികള്‍ മറവ് ചെയ്യാമെന്ന സാഹചര്യം വലിയൊരു അപായ സൂചനയാണ് സമൂഹത്തിന് നല്‍കുന്നത്. നിലവില്‍ സീല്‍ ചെയ്ത കല്ലറ റവന്യൂ അധികാരികളുടെയും മെഡിക്കല്‍ സംഘത്തിന്റെയും സാന്നിധ്യത്തില്‍ തുറന്ന് വസ്തുക്കള്‍ പുറത്തെടുത്ത് വിശദമായ ഫോറന്‍സിക് പരിശോധനകള്‍ നടത്താനാണ് പോലീസ് തീരുമാനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News