ന്യൂഡല്‍ഹി: രാജ്യത്ത് രണ്ടു കോവിഡ് വാക്സിനുകള്‍ക്ക് കൂടി അംഗീകാരം ലഭിച്ചു. സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ കോവോ വാക്സിനും ബയോളജിക്കല്‍ ഇയുടെ കോര്‍ബെവാക്സിനുമാണ് അംഗീകാരം ലഭിച്ചത്. ഇതിന് പുറമേ കോവിഡ് മരുന്നായ മോള്‍നുപിറവിറിന് നിയന്ത്രിത അനുമതി ലഭിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ട്വിറ്ററിലൂടെ അറിയിച്ചു.
ഒമിക്രോണ്‍ വകഭേദം ഭീഷണിയായി വളരുന്നതിനിടയിലാണ് പുതിയ വാക്‌സിനുകള്‍ക്കും അംഗീകാരം നല്‍കിയത്. അതേസമയം, അതിവ്യാപനശേഷിയുടെ കോവിഡ് വകഭേദം ഒമിക്രോണ്‍ അതിന്റെ തനിനിറം കാണിച്ചു തുടങ്ങി. ദിവസങ്ങള്‍ക്കകം രാജ്യത്തെ ഒമിക്രോണ്‍ബാധിതരുടെ എണ്ണം 653 ആയി ഉയര്‍ന്നു. ഇതില്‍ 186 പേര്‍ രോഗമുക്തരായി.
167 രോഗികളുമായി മഹാരാഷ്ട്രയാണ് ഒന്നാം സ്ഥാനത്ത്. ആശങ്കാജനകമായി പടരുന്ന ഒമിക്രോണ്‍ രാജ്യത്തു മറ്റൊരു കോവിഡ് തരംഗം സൃഷ്ടിക്കുമോയെന്ന ആശങ്ക നിലനില്‍ക്കുന്നതിനാല്‍ മുന്‍കൂട്ടി കര്‍ശന നിയന്ത്രണ നടപടികള്‍ എടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനകം നിര്‍ദേശിച്ചു കഴിഞ്ഞു.
രണ്ടാം തരംഗത്തില്‍ രാജ്യം നേരിട്ട പ്രതിസന്ധി ഉണ്ടാവാതെ നോക്കാനാണ് മുന്നൊരുക്കങ്ങള്‍ ത്വരിതപ്പെടുത്താന്‍ നിര്‍ദേശിച്ചിരിക്കുന്നത്. ഡല്‍ഹി(165), കേരളം(57), തെലുങ്കാന(55), ഗുജറാത്ത്(49), രാജസ്ഥാന്‍ (46) എന്നീ സംസ്ഥാനങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്.