മലപ്പുറം:സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മലപ്പുറം കരിപ്പൂർ മുണ്ടോട്ടുപാടത്ത് വീട് തകർന്നുവീണ് രണ്ട് കുട്ടികൾ മരിച്ചു. ചേന്നാരി മുഹമ്മദ്കുട്ടിയുടെ മക്കളായ ലിയാന ഫാത്തിമ (8), ലുബാന ഫാത്തിമ (7 മാസം) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം. ഉടൻതന്നെ രണ്ട് കുട്ടികളെയും കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മലപ്പുറം ജില്ലയിൽ രാത്രി മുഴുവൻ അതിശക്തമായ മഴ തുടരുകയായിരുന്നു. വീടിന് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണതിനെ തുടർന്ന് വീട് തകർന്നുവെന്നാണ് വിവരം. നാട്ടുകാർ ഉടൻ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ മെഡിക്കൽ കോളേജിൽ എത്തിച്ചുവെങ്കിലും രണ്ട് കുട്ടികളുടെയും ജീവൻ രക്ഷിക്കാനായില്ല.
പാലക്കാട്ടും കനത്ത മഴ തുടരുകയാണ്. അട്ടപ്പാടി ചുരത്തിൽ മണ്ണിടിച്ചിലിനെ തുടർന്ന് മരവും കല്ലുംവീണ് ഗതാഗതം തടസപ്പെട്ടു. പത്താം വളവിലാണ് ചൊവ്വാഴ്ച പുലർച്ചെ മണ്ണിടിഞ്ഞത്. ഗതഗാത തടസം നീക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്. മണ്ണാർക്കാടുനിന്ന് ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ചുനീക്കി. എന്നാൽ പാറക്കല്ലുകൾ നീക്കാൻ കഴിഞ്ഞിട്ടില്ല.
ഒക്ടോബർ 15 വരെ സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ചൊവ്വാഴ്ച്ച ആറു ജില്ലകളിൽ ഓറഞ്ച് അലെർട്ടും ഏഴ് ജില്ലകളിൽ യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലെർട്ട്. തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലെർട്ടുമാണ്.
കഴിഞ്ഞ ദിവസങ്ങളിൽ വലിയ അളവിൽ മഴ ലഭിച്ച പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്ന പ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ-മണ്ണിടിച്ചിൽ സാധ്യതയുള്ള മലയോര പ്രദേശങ്ങൾ തുടങ്ങിയ ഇടങ്ങളിലുള്ളവർ അതീവ ജാഗ്രത പാലിക്കണം. വ്യാഴം, വെള്ളി ദിവസങ്ങളിൽ കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിളും തെക്കൻ ബംഗാൾ ഉൾക്കടലിലും കന്യാകുമാരി തീരങ്ങളിലും മാലദ്വീപ് തീരങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. മണിക്കൂറിൽ 40 മുതൽ 50 കി.മീ വേഗതയിലായിരിക്കും കാറ്റ് വീശുക. ആ ദിവസങ്ങളിൽ പ്രസ്തുത പ്രദേശങ്ങളിലുള്ളവർ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത നാല് ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
ഓറഞ്ച് അലെർട്ട്
12-10-2021: കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
13-10-2021: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം
14-10-2021: ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം
15-10-2021: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
യെല്ലോ അലെർട്ട്
12-10-2021: തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
13-10-2021: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
14-10-2021: പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്
15-10-2021: എറണാകുളം, ഇടുക്കി, കണ്ണൂർ