കണ്ണൂർ: തളാപ്പ് എ കെ ജി ആശുപത്രിക്ക് സമീപം മിനി ലോറിയും ബൈക്ക് കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കാസർകോട് സ്വദേശികളായ മനാഫും ലത്തീഫും ആണ് മരിച്ചത്. പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. കണ്ണൂരിൽ നിന്ന് പുതിയ തെരു ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും മംഗളൂരുവിൽ നിന്ന് ആയിക്കരയിലേക്ക് വന്ന മിനി ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. പരിക്കേറ്റ മനാഫിനെയും ലത്തീഫിനെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
അതിനിടെ എറണാകുളം ഊന്നുകല്ലിൽ 17 കാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെള്ളാരംകുത്ത് ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയാണ് മരിച്ചത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
ചിൽഡ്രൻസ് ഹോമിൽ താമസിച്ച് പഠിക്കുന്ന കുട്ടിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അധികൃതർ ഉടൻ പൊലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
എറണാകുളം ഇലഞ്ഞിയിൽ പോക്സോ കേസിലെ ഇരയായ പെൺകുട്ടിയെ വെട്ടിപ്പരിക്കേൽപ്പിച്ചശേഷം പ്രതി തൂങ്ങിമരിച്ചു. പെൺകുട്ടിയുടെ അച്ഛന്‍റെ സഹോദരനാണ് ജീവനൊടുക്കിയത്. തലയ്ക്ക് വെട്ടേറ്റ പെൺകുട്ടിയെ ഗുരുതര പരുക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെൺകുട്ടിയെ ആക്രമിച്ച ശേഷം രക്ഷപ്പെട്ട പ്രതിയ്ക്കായി പോലീസും നാട്ടുകാരും തെരച്ചിൽ നടത്തുന്നതിനിടെ വീടിന് സമീപത്തെ റബർ തോട്ടത്തിൽ പ്രതിയുടെ മൃതതേഹം കണ്ടെത്തുകയായിരുന്നു. കഴിഞ്ഞ വർഷമാണ് അച്ഛന്‍റെ സഹോദരനെതിരെ പെൺകുട്ടി പോക്സോ പരാതി നൽകിയത്. ഇതിലുള്ള വൈരാഗ്യമാണ് ഇന്നത്തെ ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.
ക്ഷേത്രക്കുളത്തിൽ 17 കാരിയായ പെൺകുട്ടി ചാടിമരിച്ച സംഭവത്തിൽ ബന്ധുവായ യുവാവിനെതിരെ പരാതിയുമായി കുടുംബം. കായംകുളത്തെ 17 വയസുകാരി വിഷ്ണുപ്രിയയുടെ മരണം ബന്ധുവായ യുവാവിന്റെ മാനസിക പീഡനം മൂലമെന്നാണ് കുടുംബം ആരോപിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്താൻ ആവശ്യപ്പെട്ട് അച്ഛൻ വിജയൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. യുവാവിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് ചെട്ടികുളങ്ങര സ്വദേശിയായ വിഷ്ണുപ്രിയ എരുവ ക്ഷേത്രത്തിലെ കുളത്തിൽ ചാടി മരിച്ചത്. കുളക്കടവിൽ നിന്ന് ലഭിച്ച വിഷ്ണുപ്രിയയുടെ ആത്മഹത്യാക്കുറിപ്പിൽ ബന്ധുവായ യുവാവാണ് തന്റെ മരണത്തിന് കാരണമെന്ന് പറഞ്ഞിട്ടുണ്ട്. വിഷ്ണുപ്രിയയുടെ അച്ഛൻ വിജയൻ കായംകുളം പൊലിസിന് നൽകിയ പരാതിയിലും ഇക്കാര്യങ്ങൾ ആവർത്തിച്ചിട്ടുണ്ട്. യുവാവ് പലപ്പോഴും ഭീഷണിപ്പെടുത്തിയതായി കൂട്ടുകാരികളോട് വിഷ്ണുപ്രിയ പറഞ്ഞെന്നും വിജയൻ പരാതിയിൽ ആരോപിക്കുന്നു.
വിഷ്ണുപ്രിയ ശാരീരിക പീഡനത്തിന് ഇരയായിട്ടില്ലെന്നാണ് പോസ്റ്റ‌്മോർട്ടം പരിശോധനയിലെ കണ്ടെത്തൽ. ആരോപണ വിധേയനായ യുവാവിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പൊലിസ് നിർദ്ദേശം നൽകിയിട്ടുണ്ട്. വിഷ്ണുപ്രിയയുടെ അച്ഛൻ വിജയനും, അമ്മ രാധികയും വികലാംഗരാണ്.