കൊല്ലം: പത്തനാപുരം പിടവൂരിൽ ആംബുലൻസിൽ കടത്തിയ നാല് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. കറവൂർ സ്വദേശി വിഷ്ണു, പുനലൂർ സ്വദേശി നസീർ എന്നിവരാണ് അറസ്റ്റിലായത്. പുനലൂരിലേക്ക് കഞ്ചാവ് കടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്. പുനലൂർ ആശുപത്രിക്ക് സമീപമാണ് ആംബുലൻസ് ഓടുന്നത്.
പത്തനാപുരം മേഖലയിൽ വ്യാപകമായി കഞ്ചാവ് എത്തുന്നുണ്ടെന്ന് ജില്ലാ പൊലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. രണ്ട് കിലോ വിധം രണ്ട് പൊതികളിലായിട്ടാണ് നാല് കിലോ പിടികൂടിയിരിക്കുന്നത്. കഞ്ചാവിന്റെ ഉറവിടം വ്യക്തമല്ല. അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.
അതേസമയം, കഞ്ചാവ് കേസിൽ പിടികിട്ടാപ്പുള്ളികളായിരുന്ന ചേരാനല്ലൂർ പള്ളിപ്പറമ്പിൽ ബേബി (42), കപ്രശേരി മൂക്കുട്ടത്തിൽ പറമ്പിൽ അജീഷ് (31) എന്നിവരെ നെടുമ്പാശേരി പൊലീസ് അറസ്റ്റു ചെയ്തു. രണ്ടേമുക്കാൽ കിലോ കഞ്ചാവുമായി കൊല്ലംപറമ്പിൽ ഉണ്ണിക്കൃഷ്ണനെ പിടികൂടിയ കേസിന്റെ ഭാഗമായാണ് അറസ്റ്റ്.
പൊലീസ് പറയുന്നത്: ഉണ്ണിക്കൃഷ്ണനും അജീഷും ചേർന്നാണ് കഞ്ചാവ് വില്പന നടത്തിയിരുന്നത്. ഒഡീഷയിൽനിന്ന് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നത് ബേബിയാണ്. വൻതോതിൽ കഞ്ചാവ് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാൾ.
വരാപ്പുഴ എക്‌സൈസ് സംഘം 2021ൽ ഇടപ്പള്ളിയിലെ ഒരു വീട്ടിൽ നിന്ന് 96.3 കിലോഗ്രാം കഞ്ചാവ് പിടികൂടിയപ്പോൾ ബേബി ഓടി രക്ഷപ്പെട്ടിരുന്നു. കൊരട്ടിയിൽ വാഹന പരിശോധനയ്ക്കിടയിൽ 58.5 കിലോഗ്രാം കഞ്ചാവ് പിടികൂടിയപ്പോഴും ഇയാൾ ഓടിരക്ഷപ്പെട്ടു. രണ്ട് കേസിലും പിടികിട്ടാപ്പുള്ളിയാണ്.