തൃശൂര്‍: പോലീസ് വാഹനങ്ങളില്‍ ഉപയോഗിക്കുന്ന അലാം ഘടിപ്പിച്ച കാര്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. ബീക്കണ്‍ ലൈറ്റിനു സമാനമായി എല്‍.ഇ.ഡി. ബള്‍ബുകള്‍ ഘടിപ്പിച്ച കാറാണ് തൃശ്ശൂരില്‍ വച്ച് പിടിച്ചെടുത്തത്. ഉടമക്ക് പതിനാലായിരം രൂപ പിഴ ഈടാക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസം തൃശൂര്‍-കൊടുങ്ങല്ലൂര്‍ റൂട്ടില്‍ പോലീസിന്റെ വാഹനമാണെന്ന് തെറ്റിദ്ധരിപ്പിക്കും വിധം അലാം മുഴക്കി, ലൈറ്റുകള്‍ തെളിയിച്ച് പായുന്ന കാറിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി മറ്റൊരു യാത്രക്കാരന്‍ മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥന് വാട്‌സാപ്പില്‍ അയച്ചു കൊടുക്കുകയായിരുന്നു. തുടര്‍ന്ന് ഈ കാറിന്റെ നമ്പര്‍ പിന്‍തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തുകയും, കാര്‍ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
കാറിന്റെ മുന്‍വശത്ത് ഉള്ളിലായി പോലീസ് ജീപ്പിനു മുകളിലുള്ള ബീക്കണ്‍ ലൈറ്റിനു സമാനമായ മൂന്ന് എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിച്ചിരുന്നു. ഈ ലൈറ്റുകള്‍ തെളിയിച്ച്, അലാം മുഴക്കിയായിരുന്നു വണ്ടി പാഞ്ഞത്. മോട്ടോര്‍ വാഹന ചട്ടപ്രകാരം ഇങ്ങനെ വണ്ടിയില്‍ മാറ്റം വരുത്തുന്നത് കുറ്റകരമാണ്. അലാമും ലൈറ്റുകളും ഒഴിവാക്കിയ ശേഷമാണ് വണ്ടി വിട്ടു കൊടുത്തത്.