ആലപ്പുഴ: സൈന്യത്തിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയെടുത്ത കേസിൽ രണ്ടുപേരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കളമശ്ശേരി പോണേക്കര ഗായത്രിനിവാസിൽ സന്തോഷ് കുമാർ (47), പത്തനംതിട്ട കുമ്പഴ വള്ളിപ്പറമ്പുവീട്ടിൽ സിറിൽ (31) എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ജോലി വാഗ്ദാനം ചെയ്ത് അമ്പലപ്പുഴ, പുറക്കാട് ഭാഗങ്ങളിലുള്ള 10 പേരിൽനിന്ന് രണ്ടുവർഷം മുൻപ് 40 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
ഇവർ വിവിധയിടങ്ങളിലായി കോടികളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് നിഗമനം. കളമശ്ശേരിയിലുള്ള സന്തോഷിന്റെ വീട്ടിൽ വെച്ചാണ് സിറിൽ ഇവരുടെ സർട്ടിഫിക്കറ്റുകളും മറ്റും വാങ്ങുകയും ജോലി നൽകുന്നതിനു പണമാവശ്യപ്പെടുകയും ചെയ്തത്. അപ്പോൾ മേജറുടെ യൂണിഫോം ധരിച്ച് സന്തോഷും അവിടെയുണ്ടായിരുന്നു. പട്ടാളത്തിലെ ഉന്നതോദ്യോഗസ്ഥനാണെന്നും റിക്രൂട്ട്മെന്റ് കാര്യങ്ങൾ നോക്കുന്നത് ഇദ്ദേഹമാണെന്നും പറഞ്ഞാണ് സന്തോഷിനെ സിറിൽ പരിചയപ്പെടുത്തിയത്.
തുടർന്ന് സിറിൽ നൽകിയ അക്കൗണ്ടിലേക്ക് യുവാക്കൾ പണം നിക്ഷേപിക്കുകയായിരുന്നു. പ്രതികൾ സ്വയം തയ്യാറാക്കിയ കത്തുനൽകിയശേഷം പണം നൽകിയവരെ അഭിമുഖത്തിനെന്നുപറഞ്ഞ് 2019 ,2020 വർഷങ്ങളിൽ ബെംഗളൂരുവിൽ കൊണ്ടുപോയി താമസിപ്പിച്ചു. താമസസ്ഥലത്തെ പണം നൽകാത്തതിനാൽ യുവാക്കൾ അവിടെ കുടുങ്ങി. കുറച്ചുപേരെ റിക്രൂട്ട്മെന്റ് കാര്യത്തിനെന്ന് പറഞ്ഞ് യുപിയിലും കൊണ്ടുപോയി താമസിപ്പിച്ചു. ഇവർ തിരികെ നാട്ടിലെത്തിയശേഷം രണ്ടുവർഷം കഴിഞ്ഞിട്ടും ജോലിയോ പണമോ ലഭിക്കാതിരുന്നതിനെത്തുടർന്നാണ് പരാതിയുമായി അമ്പലപ്പുഴ സ്റ്റേഷനിലെത്തിയത്.