കാലിഫോര്‍ണിയ: ട്വിറ്ററിനെ മുഴുവനായി ഏറ്റെടുക്കുന്നതിന് ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക് വാഗ്ദാനം ചെയ്ത 4300 കോടി ഡോളര്‍ വാഗ്ദാനം അംഗീകരിക്കാന്‍ കമ്പനി തയ്യാറാവുന്നതായി റിപ്പോര്‍ട്ട്. വിഷയം ബോര്‍ഡ് അംഗങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യുകയാണ്. മസ്‌കിന്റെ ഓഫറിന് അനുകൂലമായി ഓഹരി ഉടമകളില്‍ നിന്ന് സമ്മര്‍ദ്ദ മുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍
തിങ്കളാഴ്ചയോ, ചൊവ്വാഴ്ചയോ മസ്‌കിന്റെ വാഗ്ദാനവുമായി ബന്ധപ്പെട്ട പ്രഖ്യാപനം വന്നേക്കുമെന്നാണ് ട്വിറ്ററുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നത്. എങ്കിലും ഇലോണ്‍ മസ്‌കിന്റെ വാഗ്ദാനം കമ്പനി അംഗീകരിക്കുമെന്നത് അവസാനനിമിഷം വരെ സ്ഥിരീകരിക്കാനാവില്ല.
ഫോര്‍ബ്സ് പട്ടികയില്‍ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ഇലോണ്‍ മസ്‌ക്. അടുത്തിടെയാണ് അദ്ദേഹം ട്വിറ്ററില്‍ ഓഹരി പങ്കാളിയായത്. നിലവില്‍ കമ്പനിയില്‍ 9.2 ശതമാനം ഓഹരി നിക്ഷേപമുള്ള മസ്‌ക് ബോര്‍ഡ് അംഗത്വം വേണ്ടെന്ന് വെച്ചതിന് പിന്നാലെ കമ്പനി ഏറ്റെടുക്കാനുള്ള താല്‍പര്യം അറിയിക്കുകയായിരുന്നു.
തിങ്കളാഴ്ച ട്വിറ്ററിന്റെ ഓഹരി 4.5 ശതമാനം ഉയര്‍ന്ന് 51.15 ഡോളറിലെത്തി.
അഭിപ്രായ സ്വാതന്ത്ര്യമുള്ള യഥാര്‍ത്ഥ പ്ലാറ്റഫോം ആയി മാറണം എങ്കില്‍ ട്വിറ്റര്‍ സ്വകാര്യ ഉടമസ്ഥതയിലുള്ളതാവണം എന്നാണ് മസ്‌കിന്റെ നിലപാട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ട്വിറ്റര്‍ ഓഹരിയുടമകളുമായി മസ്‌ക് ചര്‍ച്ച നടത്തുന്നുണ്ട്.മസ്‌കിന്റെ വാഗ്ദാനം തള്ളിക്കളയേണ്ടതില്ലെന്ന നിലപാടുള്ള ഓഹരിയുടമകളില്‍ നിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ട്വിറ്റര്‍ ചര്‍ച്ചകള്‍ തുടങ്ങിയതെന്നാണ് വിവരം.