ന്യൂഡല്‍ഹി: കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ച് ട്വിറ്റര്‍. ട്വിറ്റര്‍ ഇന്ത്യയിലെ മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്‌മെന്റുകളിലെ മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിട്ടു. ആകെ എത്രപേരെ പിരിച്ചുവിട്ടെന്ന വിവരം ലഭ്യമായിട്ടില്ല. എന്നിരുന്നാലും എന്‍ജിനീയറിങ്, സെയില്‍സ്, പാര്‍ട്ണര്‍ഷിപ്പ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയും പിരിച്ചുവിടല്‍ ബാധിച്ചിട്ടുണ്ടെന്ന് രഹസ്യവൃത്തങ്ങളെ ഉദ്ധരിച്ച് എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട് ചെയ്തു. സെയില്‍സ്, എന്‍ജിനീയറിങ് വിഭാഗങ്ങളിലെ കുറച്ചാളുകളെ മാത്രമാണ് നിലനിര്‍ത്തിയിട്ടുള്ളത്.
ആഗോള ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക് ഇക്കഴിഞ്ഞ ദിവസമാണ് ട്വിറ്റര്‍ വാങ്ങിയത്. ഇതിന് പിന്നാലെ ആഗോളതലത്തില്‍ കമ്പനിയിലെ ജീവനക്കാരുടെ എണ്ണം കുറയ്ക്കാന്‍ മസ്‌ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കൂട്ടപ്പിരിച്ചുവിടല്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞയാഴ്ച ട്വിറ്ററിന്റെ തലപ്പത്ത് എത്തിയതിന് പിന്നാലെ കമ്പനി സി.ഇ.ഒയും ഇന്ത്യക്കാരനുമായ പരാഗ് അഗ്രവാള്‍ ഉള്‍പ്പെടെ ഉന്നതോദ്യോഗസ്ഥരെ മസ്‌ക് സ്ഥാനത്തുനിന്ന് നീക്കം ചെയ്തിരുന്നു. ‘പിരിച്ചുവിടല്‍ ആരംഭിച്ചു കഴിഞ്ഞു. എന്റെ ചില സഹപ്രവര്‍ത്തകര്‍ക്ക് വിഷയവുമായി ബന്ധപ്പെട്ട് ഇ മെയില്‍ വഴി അറിയിപ്പ് വന്നു’, ട്വിറ്റര്‍ ഇന്ത്യയിലെ ജീവനക്കാരില്‍ ഒരാള്‍ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോടു പ്രതികരിച്ചു. അതേസമയം ട്വിറ്റര്‍ ഇന്ത്യ വിഷയത്തില്‍ ഇതുവരെ പ്രസ്താവന പുറത്തിറക്കിയിട്ടില്ല.