ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാലിൽ രാജ്യത്തെയാകെ നടുക്കിയ പ്രമുഖ മോഡലും നടിയുമായ ട്വിഷാ ശർമ്മയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ വമ്പൻ സ്രാവ് സി.ബി.ഐ വലയിലായി. കേസിൽ രണ്ടാം പ്രതിയായ മുൻ ജില്ലാ ജഡ്ജിയും ട്വിഷയുടെ ഭർതൃമാതാവുമായ ഗിരിബാല സിങ്ങിനെയാണ് കേന്ദ്ര അന്വേഷണ ഏജൻസി ഇന്ന് അതിസാഹസികവും നാടകീയവുമായി അറസ്റ്റ് ചെയ്തത്. മധ്യപ്രദേശ് ഹൈക്കോടതി ഗിരിബാല സിങ്ങിന്റെ മുൻകൂർ ജാമ്യം റദ്ദാക്കിയതിന് തൊട്ടുപിന്നാലെയായിരുന്നു സി.ബി.ഐയുടെ ഈ നിർണ്ണായകമായ മിന്നൽ നീക്കം. ഇന്ന് രാവിലെയോടെ ഭോപ്പാലിലെ ബാഗ് മുഗളിയ എക്സ്റ്റൻഷനിലുള്ള ഇവരുടെ ആഡംബര വസതി വളഞ്ഞ് സി.ബി.ഐ സംഘം അകത്തേക്ക് ഇരച്ചുകയറുകയായിരുന്നു. നിയമത്തിന്റെ വഴികളും പഴുതുകളും നന്നായറിയാവുന്ന ഒരു മുൻ ജഡ്ജിയെ കൃത്യമായ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഇപ്പോൾ പൂട്ടിയത്.
മണിക്കൂറുകൾ നീണ്ട കടുത്ത ചോദ്യം ചെയ്യലിനും ഡിജിറ്റൽ തെളിവുകൾ നിരത്തിയുള്ള അന്വേഷണത്തിനും ഒടുവിലാണ് മുൻ ജില്ലാ ജഡ്ജിയുടെ അറസ്റ്റ് സി.ബി.ഐ ഔദ്യോഗികമായി രേഖപ്പെടുത്തിയത്. കഴിഞ്ഞ മേയ് 12-നാണ് ഭോപ്പാലിലെ ഭർതൃവീട്ടിൽ വെച്ച് ട്വിഷ ശർമയെ ദുരൂഹ സാഹചര്യത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ജനപ്രിയ ഡേറ്റിംഗ് ആപ്പ് വഴി തുടങ്ങിയ പ്രണയമാണ് ഒടുവിൽ ട്വിഷയുടെ ജീവിതം ദാരുണമായി തകർത്തത്. 2024-ൽ ആപ്പ് വഴി പരിചയപ്പെട്ട സമർത്ഥ് സിംഗും ത്വിഷാ ശർമ്മയും തമ്മിൽ കുറച്ചുകാലം കടുത്ത പ്രണയത്തിലാവുകയായിരുന്നു. പിന്നീട് ഇരു കുടുംബങ്ങളുടെയും പൂർണ്ണമായ സമ്മതത്തോടെ 2025 ഡിസംബറിലായിരുന്നു ഇരുവരുടെയും വിവാഹം വളരെ ആഡംബരപൂർവ്വം നടന്നത്.
എന്നാൽ, വലിയ പ്രതീക്ഷകളോടും സ്വപ്നങ്ങളോടും കൂടി തുടങ്ങിയ ഇവരുടെ ദാമ്പത്യജീവിതം വെറും അഞ്ച് മാസം മാത്രമാണ് നീണ്ടുനിന്നത്. മേയ് 12-ന് നോയിഡ സ്വദേശിനിയായ ട്വിഷ ശർമ (33)യെ ഭർത്താവിന്റെ വീട്ടിൽ ജീവനറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കകം ഉണ്ടായ ഈ അസ്വാഭാവിക മരണം തുടക്കം മുതൽ തന്നെ വലിയ സംശയങ്ങൾക്ക് വഴിവെച്ചു. മകൾ ഭർതൃവീട്ടിൽ വെച്ച് ക്രൂരമായ ശാരീരിക-മാനസിക പീഡനങ്ങൾക്കും കടുത്ത സ്ത്രീധന പീഡനങ്ങൾക്കും ഇരയായിരുന്നതായി ട്വിഷയുടെ അമ്മ രേഖാ ശർമ്മ ഉൾപ്പെടെയുള്ള ബന്ധുക്കൾ പോലീസിനോട് ആരോപിച്ചിരുന്നു. സ്വന്തം പണവും ഉയർന്ന പദവിയും ഉപയോഗിച്ച് ഭർതൃകുടുംബം മകളെ മാനസികമായി നിരന്തരം തകർക്കുകയായിരുന്നു എന്നാണ് അമ്മ നൽകിയ പരാതിയിൽ പറയുന്നത്.
മരണത്തിന് തൊട്ടുമുമ്പ് താൻ ഭർതൃവീട്ടിൽ അനുഭവിച്ചിരുന്ന നരകയാതനകൾ ട്വിഷ സ്വന്തം അമ്മയെ ഫോൺ വഴി അറിയിച്ചിരുന്നു. “ഞാൻ ഈ ദാമ്പത്യത്തിൽ ക്രൂരമായി കുടുങ്ങിപ്പോയി അമ്മേ…” എന്ന് ട്വിഷ മരണത്തിന് മുൻപ് അമ്മയ്ക്ക് അയച്ച വാട്സ്ആപ്പ് സന്ദേശങ്ങൾ ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ഈ വൈകാരികമായ സന്ദേശങ്ങളാണ് കേസിൽ ഭർതൃകുടുംബത്തിനെതിരെയുള്ള ഏറ്റവും പ്രധാനപ്പെട്ട ഡിജിറ്റൽ തെളിവായി അന്വേഷണസംഘത്തിന് മാറിയത്. മാതാപിതാക്കളുടെ രേഖാമൂലമുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ട്വിഷയുടെ ഭർത്താവ് സമർത്ഥ് സിംങിനും മുൻ ജഡ്ജിയായ ഗിരിബാല സിങിനുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേലെടുക്കുകയായിരുന്നു. നിരന്തരം സ്ത്രീധനം ആവശ്യപ്പെട്ട് പീഡിപ്പിച്ചതായും, ട്വിഷയെ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയയാക്കിയതായും ബന്ധുക്കൾ മൊഴി നൽകിയിട്ടുണ്ട്.
യുവതിയുടെ മൃതദേഹത്തിൽ ക്രൂരമായ മർദ്ദനമേറ്റ പാടുകളുണ്ടെന്ന് ഇൻക്വസ്റ്റ് നടപടികൾക്കിടെ പൊലീസും പ്രാഥമികമായി സ്ഥിരീകരിച്ചിരുന്നു. ട്വിഷയുടെ ശരീരത്തിൽ പലയിടത്തും ബലപ്രയോഗം നടന്നതിന്റെയും മുറിവുകളുടെയും അടയാളങ്ങൾ വ്യക്തമായിരുന്നു. കൂടാതെ, മരണത്തിന് കൃത്യം ഒരാഴ്ച മുൻപ് ട്വിഷയെ നിർബന്ധിത ഗർഭഛിദ്രത്തിന് വിധേയയാക്കിയതിന്റെ ശാസ്ത്രീയ തെളിവുകളും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ പോലീസിന് ലഭിക്കുകയുണ്ടായി. ട്വിഷ മരിച്ച് രണ്ടു ദിവസത്തിനുശേഷം, മേയ് 15-ന് ഭോപ്പാലിലെ സെഷൻസ് കോടതി ഗിരിബാല സിങ്ങിന് വിചിത്രമായ രീതിയിൽ മുൻകൂർ ജാമ്യം അനുവദിച്ചത് വലിയ ജനരോഷത്തിനും വിവാദങ്ങൾക്കും കാരണമായി. കേസിൽ ഒന്നാം പ്രതിയായ ഭർത്താവ് സമർഥ് സിങ് നിലവിൽ സി.ബി.ഐ കസ്റ്റഡിയിൽ റിമാൻഡിലാണ്.
സംസ്ഥാന പോലീസ് നടത്തിയ ആദ്യഘട്ട അന്വേഷണത്തിൽ കടുത്ത അട്ടിമറി നടക്കുന്നുവെന്ന ആക്ഷേപങ്ങൾ മാധ്യമങ്ങളിലൂടെയും കുടുംബത്തിലൂടെയും ശക്തമായതോടെയാണ് ഈ ആഴ്ച ആദ്യം മധ്യപ്രദേശ് പൊലീസിൽനിന്ന് സി.ബി.ഐ കേസ് ഔദ്യോഗികമായി ഏറ്റെടുത്തത്. സംസ്ഥാന പോലീസ് റജിസ്റ്റർ ചെയ്ത എഫ്.ഐ.ആർ സി.ബി.ഐ ഡയറക്ടറേറ്റ് വീണ്ടും റജിസ്റ്റർ ചെയ്ത് പുതിയ റീ-ഇൻവെസ്റ്റിഗേഷൻ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് മുൻ ജില്ലാ ജഡ്ജി ഒടുവിൽ അഴിക്കുള്ളിലായത്. ഉന്നത സ്വാധീനമുള്ള പ്രതികളെ സി.ബി.ഐ നേരിട്ട് പൂട്ടിയതോടെ ട്വിഷയുടെ കുടുംബത്തിന് നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിനിമാ-മോഡലിങ് ലോകം. കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ ആളുകളെ ചോദ്യം ചെയ്യുമെന്നാണ് സി.ബി.ഐ വൃത്തങ്ങൾ നൽകുന്ന സൂചന.
ഇന്ന് അറസ്റ്റ് ചെയ്ത ഗിരിബാല സിങ്ങിനെ സി.ബി.ഐ പ്രത്യേക കോടതിയിൽ ഹാജരാക്കി കൂടുതൽ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം. ട്വിഷയുടെ ഡയറിക്കുറിപ്പുകളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും കേന്ദ്ര ഏജൻസി ഇപ്പോൾ സമാന്തരമായി പരിശോധിച്ചുവരികയാണ്. ഒരു മുൻ ജഡ്ജി തന്നെ സ്ത്രീധന പീഡനക്കേസിലും നിർബന്ധിത ഗർഭഛിദ്രക്കേസിലും പ്രതിയായി അറസ്റ്റിലായത് രാജ്യത്തെ നിയമവൃത്തങ്ങളിലും വലിയ ചർച്ചയായിട്ടുണ്ട്. കേസിന്റെ സുതാര്യമായ അന്വേഷണത്തിനായി സി.ബി.ഐ ഡൽഹിയിൽ നിന്നുള്ള പ്രത്യേക വിരലടയാള വിദഗ്ദ്ധരെയും ഭോപ്പാലിലേക്ക് എത്തിച്ചിട്ടുണ്ട്. രാജ്യ ശ്രദ്ധയാകർഷിച്ച ഈ കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ നിർണ്ണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
English Summary
In a major breakthrough, the CBI has arrested former district judge Giribala Singh, the mother-in-law of deceased model and actress Twisha Sharma, in Bhopal. The dramatic arrest took place at her luxury residence after the Madhya Pradesh High Court canceled her anticipatory bail, which was earlier controversially granted by a sessions court. Twisha Sharma (33) was found dead on May 12 under mysterious circumstances, and her family has alleged severe dowry harassment, physical abuse, and forced abortion by her husband Samarth Singh and his mother.


