ന്യൂയോര്‍ക്ക്:ലോകക്രിക്കറ്റിലെ ഹെവിവെയ്റ്റ് പോരാട്ടത്തിന് വീണ്ടും അരങ്ങൊരുങ്ങി. ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പ് ഗ്രൂപ്പ് എ-യില്‍ ഇന്ത്യ-പാകിസ്താന്‍ മത്സരം ഞായറാഴ്ച രാത്രി എട്ടുമുതല്‍ ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്റ്റഡിയത്തില്‍.
സന്നാഹമത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്ത ഇന്ത്യ, ലോകകപ്പിലെ ആദ്യമത്സരത്തില്‍ അയര്‍ലന്‍ഡിനെ എട്ടുവിക്കറ്റിന് തോല്‍പ്പിച്ചു. ടീമിലെ എല്ലാ കളിക്കാരും രണ്ടുമാസത്തോളം തുടര്‍ച്ചയായി ഐ.പി.എല്‍. കളിച്ചശേഷമാണ് ലോകകപ്പിനിറങ്ങുന്നത്. അതുകൊണ്ടുതന്നെ മത്സരപരിചയത്തിന്റെ കുറവില്ല. അയര്‍ലന്‍ഡിനെതിരേ ഇന്ത്യന്‍ ടീം പരീക്ഷണാത്മകമായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ ഓപ്പണ്‍ചെയ്തപ്പോള്‍ ഋഷഭ് പന്ത്, സൂര്യകുമാര്‍ യാദവ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍ എന്നിങ്ങനെയായിരുന്നു ബാറ്റിങ് ഓര്‍ഡര്‍.
ഹാര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ശിവം ദുബെ, അക്സര്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്നതോടെ നാല് ഓള്‍റൗണ്ടര്‍മാരായി. ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, മുഹമ്മദ് സിറാജ് എന്നിവര്‍ക്കൊപ്പം ഓള്‍റൗണ്ടര്‍മാരായ ഹാര്‍ദിക്, ദുബെ എന്നിവരും ചേര്‍ന്നതോടെ അഞ്ചു പേസര്‍മാരെയും ലഭിച്ചു. വണ്‍ഡൗണായി ഋഷഭ് പന്തും മൂന്നുവിക്കറ്റുമായി ഹാര്‍ദിക്കും തിളങ്ങിയത് ഇന്ത്യക്ക് ആശ്വാസംനല്‍കുന്നു.
ഞായറാഴ്ച ഇന്ത്യ സ്പെഷലിസ്റ്റ് സ്പിന്നറെ ഇറക്കാന്‍ സാധ്യതയുണ്ട്. കുല്‍ദീപ് യാദവിനാകും മുന്‍ഗണന. അങ്ങനെയെങ്കില്‍ അക്സര്‍ പട്ടേല്‍/രവീന്ദ്ര ജഡേജ, ശിവം ദുബെ എന്നിവരിലൊരാള്‍ ഇലവനിലുണ്ടാകില്ല.
ലോകകപ്പ് മത്സരങ്ങളില്‍ പാകിസ്താനെതിരേ എന്നും ഇന്ത്യക്ക് ആധിപത്യമുണ്ട്. ഇക്കുറിയും പാകിസ്താന്‍ പ്രതിരോധത്തിലാണ്. ലോകകപ്പിനു തൊട്ടുമുമ്പ് ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ തോറ്റ ടീം, ലോകകപ്പിലെ ആദ്യമത്സരത്തില്‍ യു.എസിനോട് തോറ്റതോടെ തീര്‍ത്തും പ്രതിരോധത്തിലായി. ഗ്രൂപ്പില്‍ ഇനിയൊരു തോല്‍വി സൂപ്പര്‍ എട്ട് സാധ്യതകളെ ബാധിക്കും.
ഈ ലോകകപ്പ് ക്യാപ്റ്റന്‍ ബാബര്‍ അസമിനും പാകിസ്താന്‍ ടീമിനും നിര്‍ണായകമാണ്. കഴിഞ്ഞവര്‍ഷം ഇന്ത്യയില്‍നടന്ന ഏകദിന ലോകകപ്പില്‍ പ്രാഥമികഘട്ടത്തില്‍ പുറത്തായതോടെ ബാബര്‍ അസമിനെ ക്യാപ്റ്റന്‍സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു.
പകരമെത്തിയ ഷഹീന്‍ ഷാ അഫ്രിഡിക്കുകീഴിലും തുടര്‍തോല്‍വികള്‍ വന്നതോടെ വീണ്ടും ബാബറിനെ നായകനാക്കി. യു.എസിനെതിരേ സൂപ്പര്‍ ഓവറിലാണ് പാകിസ്താന്‍ തോറ്റത്. ബൗളര്‍മാരുടെ പ്രകടനം തോല്‍വിക്ക് കാരണമായതായി ബാബര്‍ പറഞ്ഞെങ്കിലും ബാറ്റര്‍മാരും അത്ര മികവിലായിരുന്നില്ല.
ന്യൂയോര്‍ക്കിലെ നാസോ കൗണ്ടി സ്റ്റേഡിയത്തിലെ ‘ഡ്രോപ്പ് ഇന്‍’ പിച്ചിലാണ് കളി. മറ്റൊരു സ്ഥലത്ത് നിര്‍മിച്ച് കൊണ്ടുവന്ന് സ്ഥാപിക്കുന്ന പിച്ചാണിത്. ഈ പിച്ചില്‍നടന്ന ആദ്യരണ്ടുമത്സരങ്ങളിലുമായി പിറന്ന ഉയര്‍ന്ന സ്‌കോര്‍ 137 ആണ്. കനത്ത പേസും അപ്രതീക്ഷിത ബൗണ്‍സുമുള്ള ഈ പിച്ച് ലോകകപ്പ് കളിക്കാന്‍ യോഗ്യമല്ലെന്ന് ഇതിനകം ടീമുകള്‍ പരാതിപ്പെട്ടുകഴിഞ്ഞു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലും ഇത് അംഗീകരിക്കുന്നു. ഗ്രൗണ്ടില്‍ നാല് ഡ്രോപ്പ് ഇന്‍ പിച്ചുകളുണ്ട്. ഇതില്‍ രണ്ടെണ്ണം ഉപയോഗിച്ചു. മൂന്നാമത്തെ പിച്ചിലായിരിക്കും ഞായറാഴ്ച മത്സരം എന്നുകരുതുന്നു.
നാസു സ്റ്റേഡിയവും പരിസരങ്ങളും കനത്ത സുരക്ഷാവലയത്തിലാണ്. ഇന്ത്യ-പാകിസ്താന്‍ മത്സരത്തിന് ഭീകരസംഘടയായ ഐസിസിന്റെ ഭീഷണിയുണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് നേരത്തേതന്നെ സുരക്ഷ കര്‍ശനമാക്കി. യു. എസ്. മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇവിടെയെത്തിയപ്പോള്‍ നല്‍കിയതിനു തുല്യമായ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നതെന്ന് നാസോ കമ്മിഷണര്‍ പാട്രിക് റൈഡര്‍ പറയുന്നു.