കൊച്ചി:പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രാജി വച്ചതിനു പിന്നിൽ കോൺഗ്രസുമായുള്ള പണമിടപാടാണെന്ന ആരോപണവുമായി ട്വന്റി 20 പാർട്ടി. പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റും ട്വന്റി 20 അംഗവുമായിരുന്ന പൂജ ജോമോൻ ഇന്നു രാജി പ്രഖ്യാപിച്ചിരുന്നു. ട്വന്റി 20 എൻഡിഎയുടെ ഭാഗമായത് അംഗീകരിക്കാൻ കഴിയാത്തതുകൊണ്ടാണ് രാജി എന്നായിരുന്നു പൂജയുടെ പ്രഖ്യാപനം. ഇതിനുള്ള മറുപടിയായാണ് ട്വന്റി 20 പാര്‍ട്ടി കൺവീനർ സാബു എം.ജേക്കബ് പ്രത്യാരോപണം നടത്തിയത്.
പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് രണ്ടു ദിവസത്തിനുള്ളിൽ രാജി വയ്ക്കുമെന്നും അവരുടെ പേരിൽ സഹകരണ ബാങ്കിലുള്ള വായ്പ കോൺഗ്രസ് അടച്ചു തീർക്കും എന്നതാണ് ‘ഡീൽ’ എന്നുമുള്ള ശബ്ദസന്ദേശങ്ങളും ട്വന്റി 20 പാർട്ടി പുറത്തു വിട്ടു. ഒരാൾ ട്വന്റി 20 നേതാക്കളോട് ഇക്കാര്യം വെളിപ്പെടുത്തുന്ന രീതിയിലാണ് ശബ്ദസന്ദേശം. തുടർന്നാണ് ആരോപണങ്ങളുമായി ട്വന്റി 20 രംഗത്തു വന്നത്.
കുന്നത്തുനാട്ടിലെ പരാജയഭീതി മൂലം കോണ്‍ഗ്രസ് വ്യാപകമായി പണം ഒഴുക്കുന്നതായി സാബു എം.ജേക്കബ് ആരോപിച്ചു. ‘‘കുന്നത്തുനാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വി.പി.സജീന്ദ്രന്റെ വെളുത്ത കാറിലും തുടര്‍ന്ന് കോലഞ്ചേരിയിലെ സെന്‍ട്രല്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിലും വച്ചായിരുന്നു ഡീല്‍. പൂതൃക്ക സഹകരണ ബാങ്ക് പ്രസിഡന്റ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തുടങ്ങിയവർ ചേര്‍ന്നാണ് ഡീല്‍ ഉറപ്പിച്ചത്. ആദ്യം 5 ലക്ഷം പണമായും 7 ലക്ഷത്തിന്റെ ബാങ്ക് വായ്പയും അതിന്റെ പലിശയും ചേര്‍ന്ന് 15 ലക്ഷത്തിനായിരുന്നു ഡീല്‍. ഇന്നലെയാണ് ഇത് 20 ലക്ഷമാക്കി ഉയര്‍ത്തിയത്’’– സാബു എം.ജേക്കബ് ആരോപിച്ചു.
തന്റെ മതേതര കാഴ്ചപ്പാടിന് യോജിക്കാൻ കഴിയാത്തതിനാലാണ് ട്വന്റി 20 വിടുന്നതെന്ന് പൂജ ജോമോൻ വ്യക്തമാക്കിയിരുന്നു. തന്നെ വിജയിപ്പിച്ച ജനങ്ങളോടു ചെയ്യുന്ന വഞ്ചനയാണ് എൻഡിഎയ്ക്കൊപ്പം പോകുന്നത് എന്നും അവർ പറഞ്ഞിരുന്നു. പൂതൃക്ക പഞ്ചായത്തിൽ ഏഴു വീതം അംഗങ്ങളാണ് കോൺഗ്രസിനും ട്വന്റി 20ക്കും ഉള്ളതെങ്കിലും നറുക്കെടുപ്പിൽ ട്വന്റി 20 ഭരണം പിടിക്കുകയായിരുന്നു. 2 സീറ്റ് സിപിഎമ്മിനാണ്. പൂജ ജോമോൻ രാജി വച്ചതോടെ ട്വന്റി 20ക്ക് ഭരണം നഷ്ടമായേക്കും.
ട്വന്റി20 എൻഡിഎ മുന്നണിയിൽ അംഗമായതിൽ പ്രതിഷേധിച്ച് പൂതൃക്ക പഞ്ചായത്ത് പ്രസിഡന്റ് പൂജ ജോമോൻ രാജിവച്ചു. ട്വന്റി20യുടെ പ്രാഥമികാംഗത്വവും രാജിവച്ചതായി കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പൂജ ജോമോൻ വ്യക്തമാക്കി. ട്വന്റി20 കൺവീനർ സാബു എം.ജേക്കബ് തന്നെ ഭീഷണിപ്പെടുത്തിയെന്നും പൂജ ആരോപിച്ചു.
ബിജെപിയോടു കൂട്ടുചേർന്നതിൽ പ്രതിഷേധിച്ച് ഇന്നലെയാണ് രാജി സമർപ്പിച്ചതെന്ന് അവർ പറഞ്ഞു. മതേതര രാഷ്ട്രീയ കാഴ്ചപ്പാടാണു തനിക്കുള്ളതെന്നും ആ നിലപാടിന്റെ അടിസ്ഥാനത്തിൽ വിജയിപ്പിച്ച ജനങ്ങളോടു ചെയ്യുന്ന വഞ്ചനയാണ് എൻഡിഎയിൽ ചേർന്നതെന്നും പൂജ ജോമോൻ പറഞ്ഞു. ട്വന്റി 20 എൻഡിഎ മുന്നണിയിൽ ചേർന്നത് അനുകൂലിക്കാത്തതിനാൽ പാർട്ടിയിലെ മറ്റ് വാർഡ് അംഗങ്ങൾ തന്നെ ഒറ്റപ്പെടുത്തിയതായും അവർ പറഞ്ഞു. പൂതൃക്ക പഞ്ചായത്തിൽ ഇത്തവണ നറുക്കെടുപ്പിലൂടെ ട്വന്റി 20യാണ് അധികാരത്തിൽ വന്നത്. കോൺഗ്രസ് – 7, ട്വന്റി 20 –7, ഇടത് – 2 എന്നിങ്ങനെയായിരുന്നു പൂതൃക്കയിലെ കക്ഷിനില. ഇതിൽ എട്ടാം വാർഡിൽനിന്നായിരുന്നു പൂജ വിജയിച്ചത്.


