വിജയ് ഇന്നു വിശ്വാസവോട്ടു തേടും; പിന്തുണയുമായി അണ്ണാ ഡി.എം.കെ. വിമതർ

വിജയ് ഇന്നു വിശ്വാസവോട്ടു തേടും; പിന്തുണയുമായി അണ്ണാ ഡി.എം.കെ. വിമതർ

ചെന്നൈ: പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിക്കെതിരേ കലാപക്കൊടിയുയർത്തിയ വിമത അണ്ണാ ഡി.എം.കെ. എം.എൽ.എ.മാർ തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ന് പിന്തുണ പ്രഖ്യാപിച്ചു. പുതിയ രാഷ്ട്രീയനീക്കങ്ങളിലൂടെ അണ്ണാ ഡി.എം.കെ. പിളർന്ന് ഒരുവിഭാഗം ടി.വി.കെ. മന്ത്രിസഭയിൽ ചേരുമെന്നും ഭരണപക്ഷത്തിന്റെ നില ഭദ്രമാകുമെന്നുമാണ് കരുതുന്നത്.

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ടി.വി.കെ. എതിരില്ലാതെ നടന്ന സ്പീക്കർ തിരഞ്ഞെടുപ്പിനു ശേഷം ബുധനാഴ്ച നിയമസഭയിൽ വിശ്വാസവോട്ടു തേടാനിരിക്കേയാണ് അണ്ണാ ഡി.എം.കെ.യിലെ ഭിന്നത മറനീക്കി പുറത്തുവന്നത്. നിയമസഭയിൽ ടി.വി.കെ. മന്ത്രിസഭയ്ക്ക് പിന്തുണ നൽകുമെന്നും ജനവിധി മുഖ്യമന്ത്രി വിജയ്നൊപ്പമാണെന്നും വിമത വിഭാഗത്തിന് നേതൃത്വം നൽകുന്ന സി.വി. ഷൺമുഖം എം.എൽ.എ. ചൊവ്വാഴ്ച പറഞ്ഞു. മണിക്കൂറുകൾക്കകം ഷൺമുഖത്തിന്റെ വീട്ടിലെത്തി മുഖ്യമന്ത്രി വിജയ് വിമത എം.എൽ.എ.മാരെ കാണുകയും ചെയ്തു.

സംസ്ഥാന നിയമസഭയിലെ 47 അണ്ണാ ഡി.എം.കെ. എം.എൽ.എ.മാരിൽ 36 പേരുടെ പിന്തുണ ഷൺമുഖത്തിന്റെയും എസ്.പി. വേലുമണിയുടെയും നേതൃത്വത്തിലുള്ള സംഘത്തിനുണ്ടെന്നാണ് കരുതുന്നത്. തിങ്കളാഴ്ചയും ചൊവ്വാഴ്ചയും രണ്ടു ചേരികളായാണ് പാർട്ടി എം.എൽ.എ.മാർ സഭയിലെത്തിയത്. 11 പേരാണ് പാർട്ടി ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ പക്ഷത്തുണ്ടായിരുന്നത്. തിങ്കളാഴ്ച വിശ്വാസപ്രമേയം അവതരിപ്പിക്കുമ്പോൾ സർക്കാരിനെതിരേ വോട്ടുചെയ്യാനാണ് പാർട്ടിയുടെ തീരുമാനമെന്നും അതു ലംഘിക്കുന്നവർക്കെതിരേ നടപടിയെടുക്കുമെന്നും ഔദ്യോഗിക വിഭാഗം പറയുന്നു. എന്നാൽ, എസ്.പി. വേലുമണിയാണ് സഭാകക്ഷി നേതാവെന്നും സർക്കാരിനെ പിന്തുണച്ചുകൊണ്ട് കത്തു നൽകാനാണ് തീരുമാനമെന്നുമാണ് മറുവിഭാഗം പറയുന്നത്.

ഒരു കക്ഷിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാതിരുന്ന തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ്, സി.പി.എം, സി.പി.ഐ, വി.സി.കെ, മുസ്‌ലിം ലീഗ് എന്നീ കക്ഷികളുടെ പിന്തുണയോടെയാണ് ടി.വി.കെ. മന്ത്രിസഭയുണ്ടാക്കിയത്. 234 അംഗ സഭയിൽ നിലവിൽ 120 പേരുടെ പിന്തുണയാണ് ടി.വി.കെയ്ക്ക് ഉള്ളത്. അതിനു പുറമേ, എ.എം.എം.കെ. എം.എൽ.എ. എസ്. കനകരാജ് ചൊവ്വാഴ്ച ടി.വി.കെ.യ്ക്ക് പിന്തുണ പ്രഖ്യാപിച്ചു. പ്രതിപക്ഷം സ്ഥാനാർഥികളെ നിർത്താത്തതുകൊണ്ട് ചൊവ്വാഴ്ച ഏകകണ്ഠമായാണ് സ്പീക്കർ തിരഞ്ഞെടുപ്പ് നടന്നത്. ടി.വി.കെ.യുടെ ജെ.സി.ഡി. പ്രഭാകർ സ്പീക്കറായും രവിശങ്കർ ഡെപ്യൂട്ടി സ്പീക്കറായും തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യപ്രതിപക്ഷമായ ഡി.എം.കെ. വിശ്വാസവോട്ടെടുപ്പിൽ എന്തു നിലപാടു സ്വീകരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News