തിരുവനന്തപുരം: തൃശ്ശൂര്‍ ജില്ലാ കളക്ടറായി സി.ഷാനവാസിനെ നിയമിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. നിലവിലെ കളക്ടര്‍ ടിവി അനുപമ അവധിക്ക് അപേക്ഷ നല്‍കിയ സാഹചര്യത്തിലാണ് ഷാനവാസിനെ പകരം നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്. കളക്ടര്‍ സ്ഥാനമൊഴിയുന്ന മുറയ്ക്ക് അനുപമ തുടര്‍ പരിശീലനത്തിനായി മുസ്സോറിയിലെ ദേശീയ അക്കാദമിയിലേക്ക് പോകും.
കഴിഞ്ഞ വര്‍ഷം ജൂണിലാണ് തൃശ്ശൂര്‍ ജില്ലാ കളക്ടറായി അനുപമ ചുമതലയേറ്റെടുത്തത്. ആലപ്പുഴ ജില്ലാ കളക്ടറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.തൃശൂര്‍ കളക്ടര്‍ സ്ഥാനത്ത് ഒരു വര്‍ഷം പൂര്‍ത്തിയായതിന് പിന്നാലെയാണ് ഇപ്പോള്‍ അവര്‍ ആ പദവി വിടുന്നത്. മലപ്പുറം പൊന്നാനി സ്വദേശിയായ അനുപമ 2010 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയാണ്.
തൃശ്ശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് അനുപമ സ്വീകരിച്ച നിലപാടുകള്‍ വലിയ ചര്‍ച്ചയായിരുന്നു. കളക്ടര്‍ക്കെതിരെ വിഷയത്തില്‍ ആനപ്രേമികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. നാട്ടാന പരിപാലന സമിതിയുടെ അധ്യക്ഷ എന്ന നിലയില്‍ ഫിറ്റ്‌നസ് ഇല്ലാത്ത ആനയെ എഴുന്നള്ളിക്കാന്‍ അനുമതി നല്‍കേണ്ട എന്നായിരുന്നു അനുപമയുടെ നിലപാട്. ഒടുവില്‍ സര്‍ക്കാര്‍ ഇടപെട്ടാണ് തെച്ചിക്കോട്ടുക്കാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ വഴിയൊരുക്കിയത്.കളക്ടറായിരിയ്‌ക്കെ സര്‍ക്കാരിന്റെ വനിതാ മതിലില്‍ അനുപമ പങ്കെടുത്തതും വലിയ ചര്‍ച്ചയായിരുന്നു.