ഹൈദരാബാദ്:ഈ വർഷത്തെ ഓസ്കർ ചടങ്ങിൽ ‘ആർ ആർ ആറും’ സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന ഗാനവും ഇന്ത്യയ്ക്ക് അഭിമാനമായി തലയുയർത്തി നിന്നിരുന്നു. ഗാനത്തിന് ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ പുരസ്‌കാരം ലഭിച്ചപ്പോൾ ആർ ആർ ആർ സിനിമയുടെ അണിയറപ്രവർത്തകർ തങ്ങളുടെ സാന്നിധ്യം കൊണ്ടും തിളങ്ങി. എന്നാൽ സംവിധായകൻ എസ് എസ് രാജമൗലിയും അഭിനേതാക്കളും വൻ തുക നല്‍കിയാണ് ഓസ്‍കര്‍ ചടങ്ങിന് പങ്കെടുത്തത് എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിക്കുകയുണ്ടായി.
എന്നാൽ ഈ അഭ്യൂഹങ്ങൾ തെറ്റാണെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ വരുന്നത്. രാജമൗലിയോ അഭിനേതാക്കളോ ഓസ്കറിൽ പങ്കെടുക്കാനായി പണം മുടക്കിയിട്ടില്ലെന്ന് ‘ആര്‍ആര്‍ആര്‍’ ടീമിനെ ഉദ്ധരിച്ച് ഇന്ത്യാ ടു ഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.
എം എം കീരവാണിക്കും ചന്ദ്രബോസിനും മാത്രമാണ് സൗജന്യ പാസ് ലഭിച്ചതെന്നും രാജമൗലിയും രാം ചരണും ജൂനിയർ എൻ ടി ആറും ബാക്കിയുള്ളവരും ടിക്കറ്റ് എടുത്താണ് ചടങ്ങിൽ പങ്കെടുത്തത് എന്നുമായിരുന്നു നേരത്തെ പ്രചരിച്ച അഭ്യൂഹങ്ങൾ.
ഈ ടിക്കറ്റുകൾക്ക് ഇന്ത്യൻ രൂപ ഏകദേശം 20.6 ലക്ഷം രൂപ ചിലവ് വരുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. രാജമൗലിയ്ക്കൊപ്പം ഭാര്യ രമയും മകൻ എസ് എസ് കാർത്തികേയയും ചടങ്ങിലുണ്ടായിരുന്നു. രാം ചരൺ ഭാര്യ ഉപാസന കാമിനയോടൊപ്പവും ജൂനിയർ എൻ ടി ആർ ഒറ്റയ്ക്കുമാണ് ഓസ്കർ ചടങ്ങിൽ ഭാഗമായത്.