ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട കുട്ടിയെ ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്‌കൂളില്‍ കക്കൂസ് കഴുകിച്ചു! സത്യാവസ്ഥ പുറത്ത്
ന്യൂഡല്‍ഹി: ശബരിമലയ്ക്ക് പോകാന്‍ മാലയിട്ട വിദ്യാര്‍ത്ഥിയെ കൊണ്ട് ക്രിസ്ത്യന്‍ മാനേജ്മെന്റ് സ്‌കൂളില്‍ കക്കൂസ് കഴുകിച്ചെന്ന വാര്‍ത്ത വ്യാജമെന്ന് വിവരം. കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ഷെയര്‍ ചെയ്യപ്പെട്ട വാര്‍ത്തകളില്‍ ഒന്നാണ് ഇത്. മാലയിട്ട് വന്നതിന് സ്‌കൂളിലെ ശുചിമുറികള്‍ ആസിഡ് ഒഴിച്ച് വിദ്യാര്‍ത്ഥിയെക്കൊണ്ട് കഴുകിച്ചെന്നും ഇതിനിടയില്‍ ആസിഡ് തെറിച്ച് വീണ് കുട്ടിക്ക് പൊള്ളലേറ്റുവെന്നുമായിരുന്നു പ്രചാരണം. കൂടാതെ തൂത്തുക്കുടിയിലുള്ള ക്രിസ്ത്യന്‍ മാനേജ്മെന്റ് നടത്തുന്ന ഗുഡ് ഷെപ്പേര്‍ഡ് സ്‌കൂളിലാണ് സംഭവമെന്നും പറഞ്ഞതോടെ സംഭവം മതവികാരത്തെ വ്രണപ്പെടുത്തുന്ന തലത്തിലായി. പലരും ഇത് വിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ വ്യാപകമായി ഷെയര്‍ ചെയ്യുകയും ചെയ്തു. പിന്നാലെയാണ് നിജസ്ഥിതി വെളിപ്പെട്ടത്.
ഈ സ്‌കൂളില്‍ പ്രധാനാധ്യാപകന്റെ നിര്‍ദേശ പ്രകാരം ലാബില്‍ നിന്ന് ആസിഡ് ബോട്ടിലുകള്‍ നീക്കം ചെയ്യുന്നതിന് ഇടയില്‍ 12 കാരനായ ആണ്‍കുട്ടിക്ക് പൊള്ളലേറ്റിരുന്നു. ഈ കുട്ടിയുടെ ഇടത് കൈയില്‍ പൊള്ളലേറ്റതിന്റെ ദൃശ്യങ്ങളാണ് വ്യാജ പ്രചാരണത്തിന് ഉപയോഗിച്ചത്. മാലയിട്ട കുട്ടി മാത്രമല്ലായിരുന്നു അഞ്ച് വിദ്യാര്‍ത്ഥികളെയാണ് ഇതിനായി നിയോഗിച്ചിരുന്നതെന്നും അന്വേഷണത്തില്‍ വ്യക്തമായി. മഹാരാജ, പ്രമോദ്, വെല്‍രാജ്, മുരുഗപെരുമാന്‍,ജയകുമാര്‍,വസുരാജന്‍ എന്നീ കുട്ടികളെയാണ് ഹെഡ്മാസ്റ്റര്‍ ഇതിനായി നിയോഗിച്ചത്. ഇതില്‍ മഹാരാജയെന്ന കുട്ടിക്കാണ് ഗുരുതരമായി പൊള്ളലേറ്റത്. മേകല നാഗാര്‍ജ്ജുന റെഡ്ഡി എന്നയാളുടെ സമൂഹമാധ്യമങ്ങളിലെ അക്കൗണ്ടിലൂടെയായിരുന്നു ചിത്രത്തിന് വന്‍ രീതിയില്‍ പ്രചാരണത്തിന് തുടക്കം കുറിച്ചത്.