വാഷിംഗ്ടൺ/ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം രണ്ടാം വാരത്തിലേക്ക് കടക്കുമ്പോൾ, ആഗോള എണ്ണവിതരണത്തിന്റെ സിരാകേന്ദ്രമായ ഹോർമുസ് കടലിടുക്കിനെ ചൊല്ലി അമേരിക്കയും ഇറാനും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. യുഎസിനും ഇസ്രയേലിനുമെതിരായ നീക്കങ്ങൾ തുടരുകയോ എണ്ണക്കപ്പലുകളെ ആക്രമിക്കുകയോ ചെയ്താൽ ഹോർമുസ് കടലിടുക്ക് അമേരിക്ക പിടിച്ചെടുക്കുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
അമേരിക്കൻ അല്ലെങ്കിൽ ഇസ്രയേൽ ആസ്തികൾ ഇറാൻ ലക്ഷ്യമിടുകയോ എണ്ണക്കപ്പലുകളെ തടയുകയോ ചെയ്താൽ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്ന് സിബിഎസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ ട്രംപ് പറഞ്ഞു. ഇറാൻ ഇത്തരത്തിലുള്ള നീക്കങ്ങൾ നടത്തിയാൽ അത് ആ രാജ്യത്തിന്റെ അന്ത്യമായിരിക്കും. പിന്നീട് ആ പേര് ആരും കേൾക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
അമേരിക്കയുടെ ഭീഷണിക്ക് തൊട്ടുപിന്നാലെ ശക്തമായ മറുപടിയുമായി ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ(IRGC) രംഗത്തെത്തി. അമേരിക്കയുടെയോ സയണിസ്റ്റ് ഭരണകൂടത്തിന്റെയോ (ഇസ്രയേൽ) ആക്രമണം തുടരുകയാണെങ്കിൽ മേഖലയിൽനിന്ന് ഒരു ലിറ്റർ എണ്ണ പോലും കയറ്റുമതി ചെയ്യാൻ അനുവദിക്കില്ലെന്നാണ് ഇറാന്റെ നിലപാട്.
ലോകത്തിലെ ആകെ എണ്ണ വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് ഇറാനും ഒമാനും ഇടയിലുള്ള ഈ ഇടുങ്ങിയ കടലിടുക്കിലൂടെയാണ്. സംഘർഷം രൂക്ഷമായതോടെ നിലവിൽ ഈ വഴിയുള്ള ചരക്കുകപ്പൽ ഗതാഗതം ഏതാണ്ട് നിലച്ച മട്ടാണ്. വിതരണം തടസ്സപ്പെടുമെന്ന ഭീതിയെത്തുടർന്ന് തിങ്കളാഴ്ച ആഗോള വിപണിയിൽ എണ്ണവില ബാരലിന് 120 ഡോളറിലെത്തി. ഇത് കഴിഞ്ഞ നാല് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കാണ്.
ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാനുള്ള അമേരിക്കൻ നീക്കവും അതിനെ പ്രതിരോധിക്കാനുള്ള ഇറാന്റെ ശ്രമങ്ങളും പശ്ചിമേഷ്യയെ കൂടുതൽ സങ്കീർണ്ണമായ യുദ്ധമുഖത്തേക്ക് എത്തിച്ചിരിക്കുകയാണ്. വരുംദിവസങ്ങളിൽ സംഘർഷം ലഘൂകരിക്കപ്പെട്ടില്ലെങ്കിൽ ആഗോള എണ്ണ വിപണി കൂടുതൽ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് സാമ്പത്തിക വിദഗ്ധർ ആശങ്കപ്പെടുന്നു.
Tensions in the Middle East have escalated as US President Donald Trump warned that the United States might take control of the Strait of Hormuz. The warning comes amidst ongoing conflicts involving Iran, Israel, and the US, with Trump stating that any attacks on oil tankers or threats to regional security will be met with military action. The Strait of Hormuz is a vital global oil transit point, and any disruption could cripple the world economy. Iran has retaliated by stating it will defend its sovereignty and warned that any US intervention would lead to a major regional war.

