ഒമാന്‍ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ അവരെ ബോംബിട്ടു തകര്‍ക്കേണ്ടി വരും; യോഗത്തിന് തൊട്ടുപിന്നാലെ ട്രംപിന്റെ പ്രസ്താവന; നടുക്കത്തില്‍ സഖ്യകക്ഷികള്‍

ഇറാൻ ഇന്ന് രാത്രിയോടെ അവസാനിക്കും, ഒരിക്കലും തിരിച്ചുവരാനാവാത്ത വിധം- ട്രംപ്

വാഷിംഗ്ടണ്‍: പശ്ചിമേഷ്യയില്‍ അമേരിക്കയുടെ ഏറ്റവും വിശ്വസ്തരായ സഖ്യകക്ഷികളിലൊന്നായ ഒമാനെ ബോംബിട്ടു തകര്‍ക്കുമെന്ന വിവാദ പ്രസ്താവനയുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വൈറ്റ് ഹൗസില്‍ നടന്ന മന്ത്രിസഭാ യോഗത്തിനിടയിലാണ് നയതന്ത്ര ലോകത്തെ ഞെട്ടിച്ചുകൊണ്ട് ട്രംപ് ഈ കടുത്ത മുന്നറിയിപ്പ് നല്‍കിയത്. ആഗോള എണ്ണവ്യാപാരത്തിന്റെ നിര്‍ണ്ണായക ഇടനാഴിയായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ഒമാന്‍ മര്യാദയ്ക്ക് പെരുമാറിയില്ലെങ്കില്‍ അവരെ ബോംബിട്ടു തകര്‍ക്കേണ്ടി വരുമെന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.

അമേരിക്ക-ഇസ്രായേല്‍ സഖ്യവും ഇറാനും തമ്മില്‍ നിലനില്‍ക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഒമാന്‍ മധ്യസ്ഥത വഹിക്കുന്നതിനെക്കുറിച്ചും, ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാനൊപ്പം ഒമാന്‍ കൂടി പങ്കിടുന്നതിനെക്കുറിച്ചുമുള്ള ചോദ്യമാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഹോര്‍മുസ് കടലിടുക്ക് അന്താരാഷ്ട്ര ജലാതിര്‍ത്തിയാണെന്നും അത് എല്ലാവര്‍ക്കുമായി തുറന്നുനല്‍കുമെന്നും ആരും അത് നിയന്ത്രിക്കാന്‍ പോകുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. തുടര്‍ന്നാണ് ഒമാനെതിരെ അപ്രതീക്ഷിതമായി തിരിഞ്ഞത്. ഒമാന്‍ മറ്റുള്ളവരെപ്പോലെ മര്യാദയ്ക്ക് പെരുമാറണമെന്നും ഇല്ലെങ്കില്‍ ബോംബിടേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

ട്രംപിന് നാക്കുപിഴ സംഭവിച്ചതാണോ അതോ ഇറാനെ ഉദ്ദേശിച്ചാണോ ഒമാനെതിരെ സംസാരിച്ചത് എന്ന കാര്യത്തില്‍ തുടക്കത്തില്‍ അവ്യക്തത ഉണ്ടായിരുന്നു. എന്നാല്‍, യോഗത്തിന് തൊട്ടുപിന്നാലെ ട്രംപിന്റെ പ്രസ്താവനയുടെ ദൃശ്യങ്ങള്‍ അമേരിക്കന്‍ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി പങ്കുവെച്ചതോടെ ഇതൊരു ബോധപൂര്‍വ്വമായ രാഷ്ട്രീയ മുന്നറിയിപ്പാണെന്ന് വ്യക്തമായി. ഹോര്‍മുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകളില്‍ നിന്ന് നികുതി ഈടാക്കാന്‍ ഇറാനും ഒമാനും തമ്മില്‍ ധാരണയിലെത്തിയെന്ന റിപ്പോര്‍ട്ടുകളാണ് ട്രംപിനെ ചൊടിപ്പിച്ചത്.

ആഗോള എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്ക്, കഴിഞ്ഞ ഫെബ്രുവരിയില്‍ അമേരിക്കയും ഇസ്രായേലും ഇറാനെതിരെ നടത്തിയ വ്യോമാക്രമണത്തിന് പിന്നാലെ ഇറാന്‍ അടച്ചുപൂട്ടിയിരുന്നു. ഇത് ആഗോളതലത്തില്‍ വലിയ ഊര്‍ജ്ജ പ്രതിസന്ധിക്കാണ് വഴിതെളിച്ചത്. മേഖലയിലെ സമാധാന ചര്‍ച്ചകളില്‍ ഈ കടലിടുക്ക് വീണ്ടും തുറക്കുക എന്നത് അമേരിക്കയുടെ പ്രധാന ആവശ്യമാണ്. ഈ സാഹചര്യത്തില്‍ കടലിടുക്കിന്മേല്‍ ഒമാനും ഇറാനും ചേര്‍ന്ന് പുതിയ നിബന്ധനകള്‍ വെക്കുന്നത് അംഗീകരിക്കില്ലെന്നാണ് ട്രംപിന്റെ നിലപാട്.

അമേരിക്കയും ഇറാനും തമ്മിലുള്ള നയതന്ത്ര തര്‍ക്കങ്ങളില്‍ കാലങ്ങളായി ഒരു വിശ്വസ്ത മധ്യസ്ഥന്റെ റോളിലാണ് ഒമാന്‍ പ്രവര്‍ത്തിക്കുന്നത്. ദശാബ്ദങ്ങളായി അമേരിക്കയുടെ പ്രതിരോധ പങ്കാളിയായ ഒമാന്‍, മുന്‍പ് നടന്ന ചരിത്രപരമായ ഇറാന്‍ ആണവ കരാര്‍ രൂപീകരണത്തിലും നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. പരമ്പരാഗതമായി നിഷ്പക്ഷത പാലിക്കുന്ന ഒമാനെതിരെ ട്രംപ് പരസ്യമായി യുദ്ധഭീഷണി മുഴക്കിയത് പശ്ചിമേഷ്യയിലെ മറ്റ് സഖ്യകക്ഷികളായ സൗദി അറേബ്യ, ഖത്തര്‍ എന്നിവര്‍ക്കിടയിലും വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

ഇറാനുമായുള്ള സമാധാന ചര്‍ച്ചകളില്‍ അമേരിക്കയ്ക്ക് തന്നെയാണ് മേല്‍ക്കൈ ഉള്ളതെന്നും തങ്ങള്‍ക്ക് തൃപ്തികരമല്ലാത്ത ഒരു കരാറിനും തയ്യാറല്ലെന്നും ട്രംപ് യോഗത്തില്‍ ആവര്‍ത്തിച്ചു. ഇറാന്‍ കരാറിന് തയ്യാറായില്ലെങ്കില്‍ ബാക്കി പണി പൂര്‍ത്തിയാക്കാന്‍ താന്‍ മടിക്കില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, തന്റെ തൊട്ടടുത്തിരുന്ന പ്രതിരോധ സെക്രട്ടറിയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ഇദ്ദേഹം ഇറാനെ തീര്‍ത്തുകളയും എന്നും ഭീഷണിപ്പെടുത്തി.

ഇറാന്റെ നാവികസേനയും വ്യോമസേനയും അമേരിക്കന്‍ ആക്രമണത്തില്‍ പൂര്‍ണ്ണമായും തകര്‍ന്നു കഴിഞ്ഞെന്നും അവര്‍ ഇപ്പോള്‍ വെറും പുകമറയിലാണ് ചര്‍ച്ചകള്‍ക്ക് ഇരിക്കുന്നതെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇറാന്‍ തങ്ങളുടെ മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ഭൂരിഭാഗം സൈനിക ശേഷിയും ഇതിനകം തന്നെ വീണ്ടെടുത്തിട്ടുണ്ട്.

ഇറാന്‍ തുറമുഖങ്ങള്‍ക്ക് മേല്‍ അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം പിന്‍വലിക്കണമെന്നും ചൈനയുമായുള്ള എണ്ണക്കച്ചവടം പുനരാരംഭിക്കാന്‍ അനുവദിക്കണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം. എന്നാല്‍ ഇറാന്റെ ആണവ പദ്ധതികള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കാതെ ഉപരോധം മാറ്റില്ലെന്ന ഉറച്ച നിലപാടിലാണ് ട്രംപ്. ഇതിനിടയില്‍ സഖ്യകക്ഷിയായ ഒമാനെതിരെ കൂടി ട്രംപ് ആഞ്ഞടിച്ചത് പശ്ചിമേഷ്യയിലെ സമാധാന ചര്‍ച്ചകളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News