വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് തുറക്കുന്നതിനും സുരക്ഷിതമായി നിലനിർത്തുന്നതിനും അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കാൻ ചൈനയടക്കമുള്ള രാജ്യങ്ങൾ യുദ്ധക്കപ്പലയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഡൊണാൾഡ് ട്രംപ്. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉടൻ തന്നെ ഹോർമുസ് കടലിടുക്ക് തുറക്കാനാകുമെന്നും ട്രംപ് പ്രതീക്ഷ പ്രകടിപ്പിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പുതിയ അവകാശവാദങ്ങളുമായി രംഗത്തെത്തിയത്.
‘ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടാൻ ഇറാൻ ശ്രമിച്ചതിനെത്തുടർന്ന് ദുരിതമനുഭവിക്കുന്ന പല രാജ്യങ്ങളും കടലിടുക്ക് തുറക്കുന്നതിനും സുരക്ഷിതമായി നിലനിർത്താനും അമേരിക്കയുമായി ചേർന്ന് യുദ്ധക്കപ്പലുകൾ അയയ്ക്കും’ ട്രംപ് വ്യക്തമാക്കി.
ഇറാന്റെ സൈനികശേഷിയുടെ 100 ശതമാനവും നമ്മൾ ഇതിനകം നശിപ്പിച്ചു കഴിഞ്ഞു. പക്ഷേ പരാജയപ്പെട്ടാലും ഒന്നോ രണ്ടോ ഡ്രോണുകൾ അയയ്ക്കാൻ അവർക്കാകും. അല്ലെങ്കിൽ ഈ ജലപാതയിൽ എവിടെയെങ്കിലും ഒരു ക്ലോസ് റേഞ്ച് മിസൈൽ എത്തിക്കാനും അവർക്ക് എളുപ്പമാണ്. ഈ കൃത്രിമ നിയന്ത്രണം ബാധിച്ച ചൈന, ഫ്രാൻസ്, ജപ്പാൻ, ദക്ഷിണ കൊറിയ, യുകെ, തുടങ്ങിയ രാജ്യങ്ങൾ ഈ പ്രദേശത്തേയ്ക്ക് കപ്പലുകൾ അയയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ ഹോർമുസ് കടലിടുക്ക് പൂർണമായും ശിരച്ഛേദം ചെയ്യപ്പെട്ട ഒരു രാജ്യത്തിന്റെ ഭീഷണിയാകുന്നത് ഒഴിവാക്കും.
അതേസമയം തന്നെ അമേരിക്ക ബോംബാക്രമണം തുടരും. ഇറാനിയൻ ബോട്ടുകളെയും കപ്പലുകളെയും വെള്ളത്തിൽ നിന്ന് തുടർച്ചയായി വെടിവയ്ക്കും. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ, നമുക്ക് ഉടൻ തന്നെ ഹോർമുസ് കടലിടുക്ക് തുറന്നതും സുരക്ഷിതവും സ്വതന്ത്രവുമാക്കാൻ കഴിയും’ ട്രംപ് കൂട്ടിച്ചേർത്തു.
സൗദി അറേബ്യയിലെ താവളത്തിൽ അഞ്ച് യുഎസ് വിമാനങ്ങൾ തകർക്കപ്പെട്ടുവെന്നത് വ്യാജ വാർത്തയാണെന്നും ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു. എന്നാൽ, യുഎസ് താവളത്തിന് നേരെ ആക്രമണമുണ്ടായെന്നും ഒരു വിമാനത്തിന് ചെറിയ കേടുപാടുകൾ പറ്റിയെന്നും ട്രംപ് സമ്മതിച്ചു.
‘ഏതാനും ദിവസങ്ങൾക്ക് മുമ്പ് താവളം ആക്രമിക്കപ്പെട്ടെങ്കിലും വിമാനങ്ങൾ ‘തകർത്തുകയോ’ നശിപ്പിക്കപ്പെടുകയോ ചെയ്തിട്ടില്ല. അഞ്ചിൽ നാലും കാര്യമായ കേടുപാടുകൾ കൂടാതെ തിരികെ സർവീസിലേക്ക് പ്രവേശിച്ചുകഴിഞ്ഞു. ഒരെണ്ണത്തിന് ചെറിയ കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഉടൻതന്നെ പ്രവർത്തനക്ഷമമാകും. വ്യാജ വാർത്തകളിൽ പറഞ്ഞതുപോലെ ഒരെണ്ണവും നശിപ്പിക്കപ്പെട്ടിട്ടില്ല. അതിനോടടുത്ത ഒന്നും സംഭവിച്ചിട്ടുമില്ല. ന്യൂയോർക്ക് ടൈംസും വാൾ സ്ട്രീറ്റ് ജേണലും (പ്രത്യേകിച്ച്) മറ്റ് നികൃഷ്ടരായ ‘പേപ്പറുകളും’ മാധ്യമങ്ങളും യഥാർഥത്തിൽ ഞങ്ങൾ യുദ്ധത്തിൽ പരാജയപ്പെടണമെന്ന് ആഗ്രഹിക്കുന്നു. അവരുടെ മോശം റിപ്പോർട്ടിങ് യഥാർഥ വസ്തുതകളുടെ വിപരീതമാണ്! അവർ ശരിക്കും രോഗികളും മാനസികമായി തകർന്നവരുമാണ്. യുഎസിന് വരുത്തുന്ന നാശനഷ്ടങ്ങളെക്കുറിച്ച് അവർക്ക് യാതൊരു ധാരണയുമില്ല. ഭാഗ്യവശാൽ, 2024-ലെ ഞങ്ങളുടെ മഹത്തായതും നിശ്ചയദാർഢ്യത്തോടെയുള്ളതുമായ തിരഞ്ഞെടുപ്പ് വിജയത്തിലൂടെ തെളിയിക്കപ്പെട്ടതുപോലെ, വ്യാജ വാർത്താ മാധ്യമങ്ങളെക്കാൾ രാജ്യത്ത് എന്താണ് സംഭവിക്കുന്നതെന്ന് നന്നായി മനസ്സിലാക്കുന്നു’-ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
US President Donald Trump has expressed optimism that nations including China will deploy warships to collaborate with the US in reopening and securing the Strait of Hormuz. In a post on Truth Social, Trump claimed that the vital maritime route would be cleared “one way or another” very soon. This comes amid the ongoing conflict with Iran, which has severely disrupted global oil transit, prompting the US administration to call for international military cooperation to ensure safe passage through the world’s most important oil chokepoint.


