വാഷിംഗ്ടൺ: യുഎസ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡൻ്റ് സ്ഥാനാർഥിയായി ഡൊണാൾഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. റിപ്പബ്ലിക്കൻ നാഷണൽ കൺവെൻഷനിൽ വ്യക്തമായ പിന്തുണ ലഭിച്ചതോടെയായിരുന്നു ഔദ്യോഗിക പ്രഖ്യാപനം.റിപ്പബ്ലിക്കൻ യു.എസ് സെനറ്ററായ ജെ.ഡി വാൻസിനെ വൈസ് പ്രസിഡന്റ് സ്ഥാനാർഥിയായും പ്രഖ്യാപിച്ചു.
അക്രമിയുടെ വെടിയുണ്ടയിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടതിനെപ്പറ്റി വൈകാരിക പ്രതികരണവുമായി യുഎസ് മുൻ പ്രസിഡന്റും സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപ്.രംഗത്തെത്തിയിരുന്നു “ഒരുപക്ഷേ, ഞാൻ ഇവിടെ ഉണ്ടാകില്ലായിരുന്നു, മരിച്ചു പോകേണ്ടതായിരുന്നു’’ എന്നാണു മാധ്യമപ്രവർത്തകരോടു ട്രംപ് പറഞ്ഞത്. ഊർജസ്വലനായി സംസാരിക്കാറുള്ള പതിവു ട്രംപിനെയല്ല കണ്ടതെന്നാണു റിപ്പോർട്ട്.
‘‘ഏറ്റവും അവിശ്വസനീയമായ കാര്യം, അയാൾ വെടിവച്ചപ്പോൾ ഞാൻ വെറുതെ തിരിയുകയായിരുന്നില്ല. കൃത്യമായ സമയത്തും അളവിലും തിരിഞ്ഞു എന്നതാണു കാര്യം. ഞാൻ പകുതിയേ തിരിഞ്ഞുള്ളൂവെങ്കിൽ വെടിയുണ്ട തലയുടെ പിൻഭാഗത്ത് തട്ടും, തല തുളഞ്ഞുപോകും. ഞാൻ നന്നായി തിരിയാനുള്ള സാധ്യത ഒരു ശതമാനത്തിന്റെ പത്തിലൊന്നാണ്. അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ ഉണ്ടാകില്ലായിരുന്നു. കാരണം ഒരിഞ്ചിന്റെ എട്ടിലൊന്ന് അകലെയാണു വെടിയുണ്ട കൊണ്ടത്. ആ നിമിഷം ഞാൻ കൃത്യമായി തിരിഞ്ഞു. ഭാഗ്യം കൊണ്ടോ ദൈവത്തിന്റെ സഹായത്താലോ ആണ് അതിജീവിച്ചത്.’’– ട്രംപ് പറഞ്ഞു.
വധശ്രമത്തെ ട്രംപ് അതിജീവിച്ചതിനു പിന്നാലെ ആഗോള ഓഹരി സൂചികളിൽ മുന്നേറ്റമുണ്ടായി. എന്നാൽ, ഡോളർ ഇടിഞ്ഞു. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ട്രംപിനു വിജയസാധ്യത കൂടിയെന്നാണു നിക്ഷേപകരുടെ വിലയിരുത്തൽ. ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്സാണ് ട്രംപിനെ വെടിവച്ചത് പെൻസിൽവാനിയയിൽ വെടിവയ്പുണ്ടായ സ്ഥലത്തുനിന്ന് അക്രമിയുടേതെന്നു കരുതുന്ന എആർ–15 സെമി ഓട്ടമാറ്റിക് റൈഫിൾ കണ്ടെടുത്തിരുന്നു.