ന്യൂയോര്‍ക്ക്: എഴുത്തുകാരി ഇ. ജീന്‍ കാരളിനെതിരായ ലൈംഗികാതിക്രമകേസില്‍ യു.എസ്. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് 8.33 കോടി ഡോളര്‍ നഷ്ടപരിഹാരം വിധിച്ച് ന്യൂയോര്‍ക്ക് കോടതി. കാരള്‍ നല്‍കി മാനനഷ്ടക്കേസിലാണ് കോടതി വിധി. മൂന്ന് മണിക്കൂറില്‍ താഴെ നടന്ന വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഒമ്പത് ജഡ്ജിമാരടങ്ങിയ കോടതി വിധി പ്രസ്താവിച്ചത്.
വിധി അപഹാസ്യമാണെന്ന് ട്രംപ് പ്രതികരിച്ചു. വിധിക്കെതിരെ അപ്പീല്‍ പോകുമെന്നും അദ്ദേഹം വ്യക്തമാക്കി. കോടതിയില്‍ തന്റെ വാദം പറയാനെത്തിയ ട്രംപ് വിധി പറയുംമുമ്പ് ഇറങ്ങിപ്പോയി.
എല്‍ വാരികയില്‍ പംക്തിയെഴുത്തുകാരിയായിരുന്ന കാരള്‍ ട്രംപിനെതിരേ 2019-ലാണ് ആരോപണവുമായി രംഗത്തെത്തിയത്. 1996-ല്‍ മാന്‍ഹാട്ടനിലെ ആഡംബരവസ്ത്രശാലയില്‍ വസ്ത്രംമാറുന്ന മുറിയില്‍വെച്ച് ട്രംപ് ബലാത്സംഗം ചെയ്‌തെന്നായിരുന്നു ഇപ്പോള്‍ 80 വയസ്സുള്ള കാരളിന്റെ ആരോപണം. ട്രംപിനെ പേടിച്ചാണ് ഇരുപതിലേറെ വര്‍ഷം ഇക്കാര്യം പറയാതിരുന്നതെന്നും അവര്‍ പറഞ്ഞിരുന്നു.
ലൈംഗികാതിക്രമകേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് പിന്നാലെ തന്റെ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് വഴി കാരളിനും ജഡ്ജിക്കുമെതിരെ അധിക്ഷേപപരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. പ്രസ്താവനകളിലൂടെ കാരളിനെ ദ്രോഹിക്കാന്‍ താന്‍ ആരോടും നിര്‍ദേശിച്ചിട്ടില്ലെന്ന വാദമായിരുന്നു കോടതിയില്‍ ട്രംപ് ഉന്നയിച്ചത്.
അതേസമയം, അതെ/ അല്ല എന്ന് മറുപടി വരുന്ന മൂന്ന് ചോദ്യങ്ങള്‍ ട്രംപിനോട് ചോദിക്കാനായിരുന്നു ഇരുവിഭാഗം അഭിഭാഷകര്‍ക്കും കോടതി അനുവാദം നല്‍കിയത്. കോടതിയേയും കാരളിനേയും ഇകഴ്ത്തിക്കാട്ടുന്ന പരാമര്‍ശങ്ങള്‍ കോടതി മുറിയിലും ആവര്‍ത്തിക്കാതിരിക്കാനായിരുന്നു നടപടിയെന്നാണ് വിശദീകരണം.