പശ്ചിമേഷ്യൻ യുദ്ധം അവസാനത്തിലേക്ക്? യുറേനിയം കൈമാറാൻ ഇറാൻ സമ്മതിച്ചതായി ട്രംപ്; നിർണ്ണായക ചർച്ചകൾ പാകിസ്ഥാനിൽ നടന്നേക്കും

വാഷിംഗ്ടണ്‍: ആറാഴ്ച പിന്നിട്ട പശ്ചിമേഷ്യന്‍ യുദ്ധം അവസാനിക്കുന്നുവെന്ന് സൂചന. ഇറാന്‍ തങ്ങളുടെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം കൈമാറാന്‍ സമ്മതിച്ചതായും യുഎസ്-ഇറാന്‍ സമാധാന ഉടമ്പടി ഉടന്‍ ഉണ്ടായേക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഈ വാരാന്ത്യത്തില്‍ തന്നെ നിര്‍ണ്ണായകമായ അടുത്ത ഘട്ട ചര്‍ച്ചകള്‍ നടന്നേക്കും.

‘അവര്‍ ആണവപ്പൊടി നമുക്ക് തിരികെ നല്‍കാന്‍ സമ്മതിച്ചിട്ടുണ്ട്. ഒരു വലിയ കരാറിലേക്ക് നാം അടുക്കുകയാണ്,’ വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഇറാന്റെ ആണവമോഹങ്ങള്‍ തടയുന്നതിന്റെ ഭാഗമായി സമ്പുഷ്ടീകരിച്ച യുറേനിയം രാജ്യത്തിന് പുറത്തേക്ക് കടത്തണമെന്ന വാഷിംഗ്ടണിന്റെ ആവശ്യം ഇറാന്‍ ഭാഗികമായി അംഗീകരിച്ചതായാണ് സൂചന. നാല് ആഴ്ച നീണ്ട ബോംബാക്രമണവും നാവിക ഉപരോധവും ഇറാന്റെ നിലപാടുകളില്‍ മാറ്റം വരുത്തിയെന്നും ട്രംപ് അവകാശപ്പെട്ടു.

സമാധാന ഉടമ്പടി പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ വെച്ചായിരിക്കും ഒപ്പുവെക്കുകയെന്ന സൂചനയും ട്രംപ് നല്‍കി. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിനെയും ആര്‍മി ചീഫ് ജനറല്‍ അസിം മുനീറിനെയും ട്രംപ് അഭിനന്ദിച്ചു. ‘കരാര്‍ ഇസ്ലാമാബാദില്‍ വെച്ചാണെങ്കില്‍ ഞാന്‍ അങ്ങോട്ട് പോയേക്കും. പാകിസ്ഥാന്‍ ഭരണകൂടം വലിയ പിന്തുണയാണ് നല്‍കുന്നത്,’ ട്രംപ് പറഞ്ഞു. ഇറാന്‍ വിഷയത്തില്‍ സമാധാനത്തിനായി ആഹ്വാനം ചെയ്യുന്ന പോപ്പ് ലിയോ പതിനാലാമന്റെ നിലപാടിനെയും ട്രംപ് വിമര്‍ശിച്ചു. ഇറാന്‍ ആണവായുധം കൈവശം വെക്കുന്നത് ലോകത്തിന് ഭീഷണിയാണെന്ന് പോപ്പ് മനസ്സിലാക്കണമെന്ന് ട്രംപ് പറഞ്ഞു. യുദ്ധത്തെ വിമര്‍ശിക്കുന്ന പോപ്പിന്റെ നിലപാടിനോട് തനിക്ക് യോജിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിങ്കളാഴ്ചയോടെ നിലവിലെ വെടിനിര്‍ത്തല്‍ അവസാനിക്കാനിരിക്കെ, ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ യുദ്ധം പുനരാരംഭിക്കുമെന്ന മുന്നറിയിപ്പും ട്രംപ് നല്‍കി.

പശ്ചിമേഷ്യന്‍ യുദ്ധത്തിന് വിരാമമിടാനുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്ക് പാകിസ്ഥാന്‍ വേദിയായേക്കുമെന്നാണ് സൂചന. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഇറാനുമായുള്ള ചര്‍ച്ചകള്‍ പുനരാരംഭിച്ചേക്കുമെന്ന് ട്രംപ് സൂചന നല്‍കി. ‘ന്യൂയോര്‍ക്ക് പോസ്റ്റ്’ പത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് പാകിസ്ഥാനില്‍ വെച്ച് ചര്‍ച്ചകള്‍ നടത്താനാണ് തനിക്ക് താല്‍പ്പര്യമെന്ന് ട്രംപ് വ്യക്തമാക്കിയത്. കഴിഞ്ഞ വാരാന്ത്യത്തില്‍ പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ വെച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സും ഇറാന്റെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബാഘര്‍ ഗാലിബാഫും തമ്മില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ കരാറുകളൊന്നും ഇല്ലാതെയാണ് ആ ചര്‍ച്ചകള്‍ അവസാനിച്ചത്. എങ്കിലും ആ നീക്കം വലിയൊരു നയതന്ത്ര ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്.

അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തുന്ന കാര്യത്തില്‍ ഇറാന്‍ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരണം നല്‍കിയിട്ടില്ല. പാകിസ്ഥാനുമായി സന്ദേശങ്ങള്‍ കൈമാറിയിട്ടുണ്ടെങ്കിലും അമേരിക്കയുമായി വീണ്ടും കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചിട്ടില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എങ്കിലും ട്രംപിന്റെ പുതിയ പ്രസ്താവന ചര്‍ച്ചകള്‍ക്ക് പിന്നില്‍ ശക്തമായ നീക്കങ്ങള്‍ നടക്കുന്നുണ്ടെന്ന് ഉറപ്പിക്കുന്നു. അമേരിക്ക ഏര്‍പ്പെടുത്തിയിരിക്കുന്ന നാവിക ഉപരോധം പിന്‍വലിക്കാതെ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്ന നിലപാടിലാണ് ഇറാന്‍.

ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം തങ്ങളുടെ കപ്പലുകളെ ബാധിച്ചാല്‍ ചെങ്കടല്‍ അടക്കുമെന്ന ഭീഷണി ഇറാന്‍ നേരത്തെ ഉയര്‍ത്തിയിരുന്നു. ഈ പ്രതിസന്ധികള്‍ക്കിടയിലാണ് ട്രംപ് സമാധാന ചര്‍ച്ചകള്‍ക്കായി പാകിസ്ഥാനെ തെരഞ്ഞെടുക്കുന്നത്.പശ്ചിമേഷ്യയിലെ സംഘര്‍ഷം ആഗോള തലത്തില്‍ വലിയ ബാധ്യതയാകുമെന്ന വിലയിരുത്തലിലാണ് ട്രംപ് ഭരണകൂടം. ചൈനയുമായി നടത്തിയ ചര്‍ച്ചയില്‍ ഇറാന് ആയുധം നല്‍കുന്നത് നിര്‍ത്താന്‍ ധാരണയായതോടെ ഇറാന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ചകള്‍ ഉണ്ടാകുമെന്ന് അമേരിക്ക പ്രതീക്ഷിക്കുന്നു.

ഇറാനുമായുള്ള വെടിനിര്‍ത്തല്‍ നീട്ടാന്‍ വൈറ്റ് ഹൗസ് തയ്യാറല്ലെന്ന പ്രസ്താവന കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ ഇതിനു പിന്നാലെ ട്രംപ് നേരിട്ട് ചര്‍ച്ചകളെക്കുറിച്ച് സംസാരിച്ചത് ഇറാന്റെ മേല്‍ സമ്മര്‍ദ്ദം ചെലുത്താനുള്ള തന്ത്രമായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. ട്രംപിന്റെ ആവശ്യങ്ങള്‍ ഇറാന്‍ അംഗീകരിച്ചാല്‍ മാത്രമേ ഉപരോധങ്ങളില്‍ അയവ് വരുത്താന്‍ സാധ്യതയുള്ളൂ.

യുദ്ധം ആരംഭിച്ച് ഏഴാഴ്ച പിന്നിടുമ്പോള്‍ മേഖലയിലെ സാമ്പത്തിക സ്തംഭനം ഒഴിവാക്കാന്‍ ലോകരാജ്യങ്ങള്‍ ശ്രമിക്കുന്നുണ്ട്. അമേരിക്കന്‍ കാര്‍ നിര്‍മ്മാതാക്കള്‍ ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികളോട് യുദ്ധസാമഗ്രികള്‍ നിര്‍മ്മിക്കാന്‍ തയ്യാറാകാന്‍ ട്രംപ് നിര്‍ദ്ദേശിച്ചതും ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ സൈനിക നടപടി കടുപ്പിക്കും എന്നതിന്റെ സൂചനയാണ്. അതിര്‍ത്തിയില്‍ സൈനിക വിന്യാസം തുടരുമ്പോഴും സമാധാനത്തിനുള്ള വഴി തുറന്നിട്ടിരിക്കുകയാണെന്ന് ട്രംപ് ആവര്‍ത്തിക്കുന്നു.

US President Donald Trump hinted at the potential end of the Middle East war, stating that Iran has agreed to hand over its enriched uranium. Trump suggested that a major peace deal is close and might be signed in Islamabad, Pakistan. He praised Pakistani leadership for their mediation efforts while warning that military action would resume if talks fail before the current ceasefire expires on Monday. Iran, however, has not officially confirmed the talks, maintaining that the naval blockade must be lifted first.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News