ഖമീനി കീഴടങ്ങണം; എവിടെയെന്ന് അറിയാം,ഇപ്പോള്‍ വധിക്കാന്‍ ഉദ്ദേശിക്കുന്നില്ല; ഇറാന് അന്ത്യശാസനം നൽകി ട്രംപ്

വാഷിങ്ടണ്‍: ഇറാന്‍-ഇസ്രയേല്‍ യുദ്ധത്തിലേക്ക് അമേരിക്കയുടെ ഇടപെടലുണ്ടാകുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിരുപാധിക കീഴടങ്ങൽ ആവശ്യപ്പെട്ട ട്രംപ് ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള ഖമീനി എവിടെയാണുള്ളതെന്ന് അറിയാമെന്നും ഇപ്പോള്‍ അദ്ദേഹത്തെ ഇല്ലാതാക്കാന്‍ (വധിക്കാന്‍) ഉദ്ദേശിക്കുന്നില്ലെന്നും പറഞ്ഞു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പ്രതികരണം.

‘സുപ്രീം ലീഡര്‍ എന്ന് വിളിക്കപ്പെടുന്ന ആള്‍ എവിടെ ഒളിച്ചിരിക്കുന്നു എന്ന് ഞങ്ങള്‍ക്ക് കൃത്യമായി അറിയാം. അദ്ദേഹം ഒരു എളുപ്പമുള്ള ലക്ഷ്യമാണ്, എന്നാല്‍ അവിടെ സുരക്ഷിതനാണ്.- അയാളെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല (വധിക്കാന്‍!), തത്കാലം ഇപ്പോള്‍ വേണ്ട. എന്നാല്‍ സാധാരണക്കാരെയും അമേരിക്കന്‍ സൈനികരെയും മിസൈലുകള്‍ ലക്ഷ്യമിടുന്നത് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങളുടെ ക്ഷമ തീര്‍ന്നുകൊണ്ടിരിക്കുന്നു’ ട്രംപ് കുറിച്ചു.

ഇറാന്റെ ആകാശത്തിനുമേൽ തങ്ങള്‍ക്ക് പൂര്‍ണ്ണവും സമ്പൂര്‍ണ്ണവുമായ നിയന്ത്രണമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഞങ്ങള്‍ക്ക് നിയന്ത്രണമുണ്ടെന്ന ട്രംപിന്റെ വാദം യുദ്ധത്തില്‍ അമേരിക്കയുടെ പങ്കാളിത്തമായാണ് വിലയിരുത്തുന്നത്.

‘ഇപ്പോള്‍ ഞങ്ങള്‍ക്ക് ഇറാന്റെ ആകാശത്തിന്മേല്‍ പൂര്‍ണ്ണവും സമ്പൂര്‍ണ്ണവുമായ നിയന്ത്രണമുണ്ട്. ഇറാന് നല്ല സ്‌കൈ ട്രാക്കറുകളും മറ്റ് പ്രതിരോധ ഉപകരണങ്ങളും ധാരാളമായി ഉണ്ടായിരുന്നു, എന്നാല്‍ അത് അമേരിക്ക നിര്‍മ്മിച്ചതും, രൂപകല്‍പ്പന ചെയ്തതും, ഉത്പാദിപ്പിച്ചതുമായ ‘സാധനങ്ങളുമായി’ കിടപിടിക്കില്ല. യുഎസ്സിനേക്കാള്‍ നന്നായി മറ്റാരും ഇത് ചെയ്യുന്നില്ല’ എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

സംഘര്‍ഷങ്ങള്‍ക്കിടെ പശ്ചിമേഷ്യയിലേക്ക് യുഎസ് കൂടുതല്‍ പോര്‍വിമാനങ്ങള്‍ വിന്യസിച്ചതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. വിന്യാസങ്ങളില്‍ എഫ്-16, എഫ്-22, എഫ്-35 പോര്‍വിമാനങ്ങള്‍ ഉള്‍പ്പെടുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News