വാഷിങ്ടണ്‍: ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണം വന്‍ വിജയമായിരുന്നുവെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ദൗത്യം വിജയിച്ചുവെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു. ‘യു.എസ് സൈന്യത്തിന്റെ സുപ്രധാന നേട്ടമാണിത്. ആണവായുധമുണ്ടാക്കാനുള്ള ഇറാന്റെ ശേഷി തകര്‍ക്കുകയായിരുന്നു ലക്ഷ്യം. അതുവഴി ലോകത്തെ തീവ്രവാദത്തിന്റെ ഏറ്റവും വലിയ സ്‌പോണ്‍സറായ ഇറാന്റെ ആണവഭീഷണിയും അവസാനിപ്പിക്കാനായിരുന്നു നടപടി. ദൗത്യം ഗംഭീര വിജയമായിരുന്നു’-ട്രംപ് പറഞ്ഞു
‘ഇനി ലക്ഷ്യസ്ഥാനങ്ങള്‍ ബാക്കിയാണ്. ഏറെ വെല്ലുവിളി നേരിട്ട ദൗത്യമാണ് നടത്തിയത്. സമാധാനമുണ്ടാകുന്നില്ലെങ്കില്‍ മറ്റ് കേന്ദ്രങ്ങളും ലക്ഷ്യമിടുമെന്ന ഭീഷണിയും അദ്ദേഹം മുഴക്കി. ഇറാനെ ഭീകര രാഷ്ട്രമായി മുദ്രകുത്തിയ ട്രംപ് തീവ്രവാദം വളര്‍ത്തുന്ന ഒന്നാം നമ്പര്‍ രാജ്യമാണെന്നും കുറ്റപ്പെടുത്തി.
‘മധ്യപൂര്‍വദേശത്തിന്റെ ഭീഷണിയായ ഇറാന്‍ സമാധാനത്തിന് തയ്യാറാകണം. അവര്‍ അത് ചെയ്തില്ലെങ്കില്‍, ഭാവിയിലെ ആക്രമണങ്ങള്‍ ഇതിനേക്കാള്‍ വളരെ വലുതായിരിക്കും. 40 വര്‍ഷമായി ഇസ്രയേലിന്റെയും അമേരിക്കയുടേയും അന്ത്യമാണ് ഇറാന്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അവര്‍ ഞങ്ങളുടെ ആളുകളെ കൊന്നുകൊണ്ടിരിക്കുകയാണ്. ആയുധങ്ങളും ബോംബുകളും പ്രയോഗിക്കുന്നു. അവരുടെ ജനറലായിരുന്ന ഖാസിം സുലൈമാനി നിരവധി പേരെ കൊന്നൊടുക്കി. വളരെ മുമ്പെ ഞാന്‍ തീരുമാനിച്ചിരുന്നതാണ് ഞാന്‍ കാരണം ഇത് സംഭവിക്കരുതെന്ന്. ഇത് തുടരില്ലെന്നും അഭിസംബോധന ചെയ്തുകൊണ്ട് ട്രംപ് പറഞ്ഞു


