‘പാകിസ്താനെ സ്‌നേഹിക്കുന്നു, മോദി ഗംഭീര വ്യക്തി, ഇന്ത്യ-പാക് യുദ്ധം ഞാൻ നിര്‍ത്തി’ പാക്കിസ്ഥാൻ കരസേന മേധാവി യ്ക്ക് വിരുന്നു നൽകിയ ശേഷം ട്രംപ്

വാഷിങ്ടണ്‍: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷം അവസാനിപ്പിച്ചതിന് പിന്നില്‍ താനാണെന്ന അവകാശവാദം ആവര്‍ത്തിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പാകിസ്താനെ താന്‍ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞ ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്താനും മറന്നില്ല. മോദി ഗംഭീര വ്യക്തിയാണെന്നും കഴിഞ്ഞ ദിവസം രാത്രിയിലും അദ്ദേഹത്തോട് ഫോണില്‍ സംസാരിച്ചതായും ട്രംപ് പറഞ്ഞു.

വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ച മണിക്കൂറുകള്‍ പിന്നിട്ട ശേഷമാണ് ട്രംപ് ഇന്ത്യ-പാക് സംഘര്‍ഷത്തിലെ തന്റെ അവകാശവാദം ആവര്‍ത്തിച്ചത്.

‘ഞാന്‍ യുദ്ധം നിര്‍ത്തി… ഞാന്‍ പാകിസ്താനെ സ്‌നേഹിക്കുന്നു. മോദി ഒരു ഗംഭീര മനുഷ്യനാണെന്ന് ഞാന്‍ കരുതുന്നു. ഞാന്‍ ഇന്നലെ രാത്രി അദ്ദേഹവുമായി സംസാരിച്ചു. ഞങ്ങള്‍ ഒരു വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ പോകുകയാണ്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള യുദ്ധം ഞാന്‍ അവസാനിപ്പിച്ചു’ ട്രംപ് പറഞ്ഞു.

പാകിസ്താന്‍ കരസേനാ മേധാവി അസിം മുനീറിന് ബുധനാഴ്ച വൈറ്റ് ഹൗസില്‍ ലഞ്ച് ഒരുക്കിയിരുന്നു. പാകിസ്താന്‍ ജനറലുമായുള്ള കൂടിക്കാഴ്ചയില്‍ നയതന്ത്രപരമായി എന്താണ് നേടാന്‍ ആഗ്രഹിക്കുന്നതെന്ന് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ ട്രംപിന്റെ മറുപടി ഇങ്ങനെയായിരുന്നു.

‘പാകിസ്താന്റെ ഭാഗത്ത് നിന്ന് യുദ്ധം നിര്‍ത്തുന്നതില്‍ഈ മനുഷ്യന്‍ അതീവ സ്വാധീനം ചെലുത്തി’ മുനീറിനെ ഉദ്ദേശിച്ചുകൊണ്ട് ട്രംപ് പറഞ്ഞു. ‘മോദിയും മറ്റുള്ളവരുമാണ് ഇന്ത്യയുടെ ഭാഗത്ത് നിന്ന് പങ്കെടുത്തത്. അവര്‍ രണ്ടുപേരും ആണവശക്തികളാണ്. ഞാന്‍ അത് നിര്‍ത്തിച്ചു. രണ്ട് പ്രധാന രാജ്യങ്ങള്‍, പ്രധാന ആണവശക്തികള്‍ തമ്മിലുള്ള യുദ്ധം ഞാന്‍ നിര്‍ത്തിയിട്ടും അതിനെക്കുറിച്ച് ഒരു സ്റ്റോറി പോലും വന്നില്ല’ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ ആളുകള്‍ക്ക് അക്കാര്യങ്ങള്‍ അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച ട്രംപുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഏകദേശം 35 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണമാണ് നടത്തിയിരുന്നത്. ഇന്ത്യ മധ്യസ്ഥത ഒരിക്കലും സ്വീകരിക്കില്ലെന്നും, സൈനിക നടപടികള്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ചുള്ള സൈനികകര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ ആരംഭിച്ചത് പാകിസ്താന്റെ അഭ്യര്‍ത്ഥന പ്രകാരമാണെന്നും മോദി ഉറച്ച നിലപാട് സ്വീകരിച്ചതായി വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News