മുംബൈ: മൊബൈല്‍ ആപ്ലിക്കേഷനായ ട്രൂകോളര്‍ രാജ്യത്തെ സ്വകാര്യതാ നിയമങ്ങള്‍ക്കു വിരുദ്ധമായി ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും മഹാരാഷ്ട്ര സര്‍ക്കാരിനും ബോംബെ ഹൈക്കോടതി നോട്ടീസ്.
ചീഫ് ജസ്റ്റീസ് ദിപാന്‍കര്‍ ദത്ത, ജസ്റ്റീസ് ജി.എസ്. കുല്‍ക്കര്‍ണി എന്നിവരടങ്ങുന്ന ബെഞ്ചാണു ശശാങ്ക് പോസ്തുറെ എന്നയാള്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിച്ചു നോട്ടീസ് അയയ്ക്കാന്‍ നിര്‍ദേശിച്ചത്. ട്രൂകോളര്‍ ആപ്ലിക്കേഷന്‍ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിച്ചു മറ്റു ചില പങ്കാളികള്‍ക്കു നല്‍കുകയും ഉത്തരവാദിത്തം ഉപയോക്താവിന്റെ തലയില്‍ കെട്ടിവയ്ക്കുകയും ചെയ്യുന്നു എന്നാണു ഹര്‍ജിയിലെ പ്രധാന ആരോപണം.
ഉപയോക്താക്കളുടെ അനുവാദമോ ആവശ്യമായ നടപടികളോ കൂടാതെ ട്രൂകോളര്‍ യുപിഐ (യൂണിഫൈഡ് പേമെന്റ്‌സ് ഇന്റര്‍ഫേസ്) സേവനവുമായി ബന്ധിപ്പിക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. നിരവധി വായ്പാദാതാക്കള്‍ ട്രൂകോളര്‍ ശേഖരിക്കുന്ന ഡേറ്റ ഉപയോഗിക്കുന്നുണ്ടെന്നും ഹര്‍ജിക്കാരന്‍ കോടതിയെ അറിയിച്ചു. മൂന്നാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കാനാണു കോടതി കേന്ദ്രത്തോടും മഹാരാഷ്ട്രയോടും മറ്റ് കക്ഷികളോടും ആവശ്യപ്പെട്ടിരിക്കുന്നത്.