ഇടുക്കി ജില്ലയില്‍ അനുമതി ഇല്ലാതെ ട്രക്കിംഗ് നടത്തിയാല്‍ നിയമനടപടി

ഇടുക്കി: അനുമതിയില്ലാതെയുള്ള എല്ലാ ട്രക്കിംഗും ഇടുക്കി ജില്ലയില്‍ നിരോധിച്ചു. ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ആണ് ഇക്കാര്യം അറിയിച്ചത്. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ വിനോദ സഞ്ചാരികള്‍ അനുമതി കൂടാതെ അപകടകരമായ വിധത്തില്‍ ഓഫ് റോഡ് ട്രക്കിംഗ്, ഉയര്‍ന്ന മലകളിലേക്കുളള ട്രക്കിംഗ് എന്നിവ നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.

വിനോദ സഞ്ചാരികളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയില്‍ ബന്ധപ്പെട്ട വകുപ്പുകളുടെ അനുമതി കൂടാതെയുള്ള വിനോദ സഞ്ചാരികളുടെ അപകടകരമായ വിധത്തില്‍ ഓഫ് റോഡ് ട്രക്കിംഗ്, ഉയര്‍ന്ന മലകളിലേക്കുള്ള ട്രക്കിംഗ് എന്നിവ 11-02-2022 മുതല്‍ ദുരന്ത നിവാരണ നിയമ പ്രകാരം നിരോധിച്ചതായി ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു. ഇനി മുതല്‍ അനുമതിയില്ലാതെ ജില്ലയില്‍ ട്രക്കിംഗ് നടത്തിയാല്‍ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കും.

അതേസമയം തുടര്‍ച്ചയായ പരിശ്രമങ്ങള്‍ക്കൊടുവില്‍ തടസ്സങ്ങള്‍ നീങ്ങിയതോടെ വണ്ടിപ്പെരിയാര്‍ സത്രത്തിലെ എന്‍സിസി എയര്‍സ്ട്രിപ്പ് യാഥാര്‍ഥ്യമാകുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം 100 ദിന പരിപാടിയില്‍ ഉള്‍ക്കൊള്ളിച്ച് എയര്‍സ്ട്രിപ്പിന്റെ ഉദ്ഘാടനം നടക്കും.

ജില്ലയിലെയും പീരുമേട്ടിലെയും വിനോദസഞ്ചാര മേഖലയ്ക്ക് ഒരു കുതിച്ചുചാട്ടമാകും എയര്‍സ്ട്രിപ്പ്. വര്‍ഷവും ആയിരം എന്‍സിസി കേഡറ്റുകള്‍ക്ക് വിമാനം പറപ്പിക്കാനുള്ള പരിശീലനം നല്‍കും. ഇതില്‍ 200 പേര്‍ ഇടുക്കി ജില്ലയില്‍നിന്നുള്ളവരായിരിക്കും. നേരത്തെ കേരളപ്പിറവി ദിനത്തില്‍ എന്‍സിസി ട്രെയിനിങ് സെന്ററിന്റെ ഉദ്ഘാടനം നടത്താനുള്ള നീക്കങ്ങള്‍ നടത്തിയെങ്കിലും ചില തടസ്സങ്ങള്‍ വന്നതോടെ വൈകുകയായിരുന്നു. നിര്‍മാണത്തിന് 12 ഏക്കര്‍ ഭൂമി ആദ്യഘട്ടത്തില്‍ അനുവദിച്ചു. പിന്നീട് 15 ഏക്കര്‍കൂടി വേണമെന്ന് എന്‍സിസി ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് എത്തുന്ന കുട്ടികള്‍ക്ക് എന്‍സിസി നേതൃത്വത്തില്‍ വിമാനം പറപ്പിക്കല്‍ പരിശീലനം നല്‍കാനുള്ള 650 മീറ്റര്‍ നീളത്തിലുള്ള റണ്‍വേയുടെ ജോലികള്‍ നേരത്തെ പൂര്‍ത്തീകരിച്ചു. എയര്‍ സ്ട്രിപ്പ് റണ്‍വേ നീളം 1000 മീറ്ററായി ഉയര്‍ത്തുന്നതിന് കൂടുതല്‍ വനഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികളും ആരംഭിച്ചിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News