തിരുവനന്തപുരം: കര്‍ശന നിബന്ധനകളും നിര്‍ദേശങ്ങളുമായി ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം നിലവില്‍ വരുന്നു. ഇതുമായി ബന്ധപ്പെട്ട് പട്രോളിങ്ങിനും കടല്‍സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കുമായി 20 സ്വകാര്യ ബോട്ടുകളുടെ സേവനം ലഭ്യമാക്കിയിട്ടുണ്ടെന്നും ആവശ്യം വന്നാല്‍ കൂടുതല്‍ ബോട്ടുകള്‍ ലഭ്യമാക്കുമെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
ട്രോളിങ് നിരോധനം ഏര്‍പ്പെടുത്തുന്നതിനായി കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്. അര്‍ധരാത്രിക്കു മുമ്പ് കടലില്‍ പോയിട്ടുള്ള എല്ലാ ബോട്ടുകളും മടങ്ങിയെത്തണമെന്നും ഇതരസംസ്ഥാന ബോട്ടുകള്‍ കേരളതീരം വിടണമെന്നും മത്സ്യത്തൊഴിലാളികളും ട്രേഡ് യൂണിയന്‍ സന്നദ്ധസംഘടനകളും ട്രോളിങ് നിരോധന കാലയളവില്‍ വലിയ വള്ളങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ സഹകരിക്കണമെന്നും മേഴ്സിക്കുട്ടിയമ്മ അഭ്യര്‍ഥിച്ചു.
തുറമുഖങ്ങളിലും ലാന്‍ഡിങ് സെന്ററുകളിലുമുള്ള പെട്രോള്‍ ബങ്കുകളുടെ പ്രവര്‍ത്തനം നിര്‍ത്തി. മറൈന്‍ ആംബുലന്‍സിന്റെ സേവനം ലഭ്യമാക്കും. അതേസമയം ട്രോളിങ് നിരോധന സമയത്തുള്ള സഹായധനം എത്രയും പെട്ടെന്ന് നല്‍കാനുള്ള നടപടി ആരംഭിച്ചതായും മന്ത്രി അറിയിച്ചു.