‘മത്സരിക്കാനായി ജോലി ഉപേക്ഷിച്ചു, തിരുവനന്തപുരം സ്ഥാനാർത്ഥിക്ക് വോട്ടില്ല; നിയമപോരാട്ടം നടത്തുമെന്ന് കോണ്‍ഗ്രസ്

'മത്സരിക്കാനായി ജോലി ഉപേക്ഷിച്ചു, ഇപ്പോള്‍ മാനസികമായി തളര്‍ന്നു'; നിയമപോരാട്ടം നടത്തുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മുട്ടട വാർഡിലെ സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വൈഷ്ണ സുരേഷിന്റെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് നീക്കം ചെയ്തത് കനത്ത തിരിച്ചടിയാണ് കോണ്‍ഗ്രസിന് നല്‍കിയത്. സ്ഥാനാര്‍ഥി പ്രഖ്യാപനം മുതല്‍ തന്നെ വാര്‍ഡില്‍ സജീവമായിരുന്ന സ്ഥാനാര്‍ഥിയായിരുന്നു വൈഷ്ണ. ഇപ്പോഴുണ്ടായ സംഭവങ്ങള്‍ മാനസികമായി തന്നെ തളര്‍ത്തിയെന്ന് വൈഷ്ണ മ പ്രതികരിച്ചു.

‘നിലവില്‍ പ്രചാരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. മത്സരിക്കാന്‍ വേണ്ടി ഞാന്‍ ജോലി രാജിവെച്ചിരുന്നു. നിയമപരമായി മുന്നോട്ട് പോകാമെന്നാണ് നേതൃത്വം പറയുന്നത്. രാഷ്ട്രീയപരമായ പ്രശ്‌നം തന്നെയാണിത്. മാനസികമായി തളര്‍ന്നതിന്റ ബുദ്ധിമുട്ടുണ്ട്. പ്രചരണവുമായി ഒരുപാട് മുന്നോട്ട് പോകുമ്പോള്‍ ഉണ്ടായ ഈ വിഷയം വ്യക്തിപരമായി ഒരുപാട് ബാധിച്ചു. പാര്‍ട്ടിയാണ് ഇനി കാര്യങ്ങള്‍ തീരുമാനിക്കേണ്ടത്’, വൈഷ്ണ പറഞ്ഞു.

സിപിഎം നല്‍കിയ പരാതി ശരിവെച്ചാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വൈഷ്ണയുടെ പേര് ഒഴിവാക്കിയത്. അന്തിമ വോട്ടര്‍ പട്ടിക ഇന്നാണ് പ്രസിദ്ധീകരിച്ചത്. ഇതില്‍ വൈഷ്ണ സുരേഷിന്റെ പേരുണ്ടായിരുന്നില്ല. വൈഷ്ണ സുരേഷ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ നല്‍കിയ വിലാസം ശരിയല്ലെന്നും പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും കാണിച്ചാണ് സിപിഎം പരാതി നല്‍കിയിരുന്നത്. വൈഷ്ണ നല്‍കിയ മേല്‍വിലാസത്തില്‍ പ്രശ്നമുണ്ടെന്നാണ് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. മുട്ടടയില്‍ കുടുംബവീടുള്ള വൈഷ്ണ അമ്പലമുക്കിലെ വാടക വീട്ടിലാണ് താമസം.

കോര്‍പറേഷനിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടര്‍പട്ടികയില്‍ പേര് ഉണ്ടെങ്കിലേ കൗണ്‍സിലിലേക്ക് മത്സരിക്കാന്‍ കഴിയൂ എന്നതാണ് ചട്ടം. അതേസമയം നടപടിക്കെതിരെ വൈഷ്ണക്ക് അപ്പീല്‍ നല്‍കാനാകും. അപ്പീല്‍ നല്‍കാന്‍ കോണ്‍ഗ്രസും വൈഷ്ണയും തീരുമാനിച്ചിട്ടുണ്ട്. മുട്ടടയില്‍ പ്രചാരണം പുരോഗമിക്കുന്നതിനിടെയാണ് ഈ അനിശ്ചിതത്വം വന്നിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News