തിരുവനന്തപുരം: തലസ്ഥാനത്തെ വിമാനത്താവളം വികസനത്തിനായുളള സ്ഥലം ഏറ്റെടുപ്പ് അനിശ്ചിതത്വത്തിലേക്ക്. സ്വകാര്യവൽക്കരണം നടപ്പായാൽ സ്ഥലം ഏറ്റെടുത്ത് നൽകേണ്ട എന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഭൂമികൈമാറ്റത്തിൽ സർക്കാരുമായുണ്ടാക്കിയ ധാരണയിൽ നിന്നും പിൻമാറുകയാണെന്ന് സ്ഥലം ഉടമകളും അറിയിച്ചു.
സ്ഥലപരിമിതി കൊണ്ട് വീർപ്പുമുട്ടുന്ന തിരുവനന്തപുരം വിമാനത്താവളം കൂടുതൽ ഭൂമി ഏറ്റെടുത്ത് വികസിപ്പിക്കണമെന്ന ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ട്. 2005ൽ സംസ്ഥാന സർക്കാർ വിമാനത്താവള വികസനത്തിനായി 23.57 ഏക്കർ ഏറ്റെടുത്ത് നൽകിയിരുന്നു. നിലവിലുളള 636 ഏക്കറിന് പുറമേ 18 ഏക്കർ കൂടി ഏറ്റെടുക്കാനും തീരുമാനമായി. ഏറെക്കാലമായി ഇഴഞ്ഞ സ്ഥലമേറ്റെടുക്കൽ നടപടികൾ വീണ്ടും തുടങ്ങിയത് രണ്ട് വർഷം മുൻപാണ്. സ്ഥലം ഉടമകളുമായി ധാരണയിലെത്തി നടപടികൾ വീണ്ടും തുടങ്ങുന്നതിനിടയാണ് സ്വകാര്യവൽക്കരണ നീക്കം. അദാനി വിമാനത്താവളം ഏറ്റെടുത്താൽ ഭൂമി ഏറ്റെടുക്കലിന് സർക്കാർ മുൻകയ്യെടുക്കില്ല. നിയമനടപടികൾ നീണ്ടുപോകുന്നതും തുടർവികസനം അവതാളത്തിലാക്കും. അതേസമയം സ്വകാര്യ കന്പനിക്ക് സ്ഥലം വിട്ടുനൽകാനാവില്ലെന്ന് സ്ഥലം ഉടമകളുടെ നേതൃത്വത്തിലുളള ആക്ഷൻ കൗൺസിലും വ്യക്തമാക്കുന്നു.
ഡൊമസ്റ്റിക്, ഇന്റർനാഷണൽ ടെർമിനലുകൾ വെവ്വേറെ ഇടങ്ങളിൽ പ്രവർത്തിക്കുന്നതാണ് തിരുവനന്തപുരത്തെ ഏറ്റവും വലിയ പോരായ്മ. സ്ഥലം ഏറ്റെടുത്ത് ഇന്റഗ്രേറ്റഡ് ടെർമിനൽ നിർമ്മിക്കുക എന്നത് വിമാനത്താവള വികസനത്തിൽ നിർണ്ണായകമാണ്. റൺവേ വികസനത്തിനായി കൂടുതൽ സ്ഥലം ഏറ്റെടുക്കാനും പദ്ധതിയുണ്ട്. കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് വിമാനത്താവളത്തിന്റെ ഉടമസ്ഥതയിലുളള സ്ഥലം കുറവാണ് തിരുവനന്തപുരത്ത്. സ്വകാര്യവൽക്കരണതീരുമാനം വിമാനത്താവളത്തിനായുളള ഭൂമി ഏറ്റെടുക്കൽ കൂടുതൽ തർക്കങ്ങളിലേക്ക് നയിക്കുമെന്ന് തീർച്ച.