പാലക്കാട്: തൃത്താല കണ്ണനൂരിലെ ഇരട്ടക്കൊലക്കേസില്‍ പ്രതി മുസ്തഫയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. രണ്ടുപേരെയും കൊലപ്പെടുത്തിയത് മുസ്തഫയാണെന്നാണ് പോലീസിന്റെ പ്രതികരണം. അതേസമയം, ഇരട്ടക്കൊലയ്ക്ക് പിന്നിലെ കാരണമെന്താണെന്ന് പോലീസ് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
രണ്ടുപേരെയും കൊലപ്പെടുത്തിയത് സുഹൃത്തായ മുസ്തഫയാണെന്നായിരുന്നു പാലക്കാട് ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ് ശനിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞത്. ഇയാളെ കേസില്‍ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന്റെ കാരണം സംബന്ധിച്ച് ചില സൂചനകള്‍ കിട്ടിയിട്ടുണ്ട്.
സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്നും എസ്.പി. മാധ്യമങ്ങളോട് പറഞ്ഞു. ഷൊര്‍ണൂര്‍ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ അന്വേഷണത്തിനായി പ്രത്യേകസംഘത്തെ രൂപവത്കരിച്ചതായും അദ്ദേഹം അറിയിച്ചു.
കൊണ്ടൂര്‍ക്കര പറമ്പില്‍ അന്‍സാര്‍(25) കാരക്കാട് തേനോത്ത് പറമ്പില്‍ കബീര്‍(27) എന്നിവരാണ് തൃത്താല കണ്ണനൂരില്‍ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച വൈകിട്ടോടെയായിരുന്നു സംഭവം. കേസില്‍ ഇവരുടെ സുഹൃത്തായ മുസ്തഫയെയാണ് പോലീസ് പിടികൂടിയത്.
പ്രതിയായ മുസ്തഫ കബീറിനെയാണ് ആദ്യം കൊലപ്പെടുത്തിയതെന്നാണ് പ്രാഥമികസൂചന. കബീറിനെ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ചപ്പോഴാണ് അന്‍സാറിനെ വെട്ടിപരിക്കേല്‍പ്പിച്ചതെന്നും കരുതുന്നു. അതേസമയം, ഇരട്ടക്കൊലയിലേക്ക് നയിച്ച കാരണം സംബന്ധിച്ച് ഇപ്പോഴും ദുരൂഹത തുടരുകയാണ്.
വ്യാഴാഴ്ച വൈകിട്ട് കഴുത്തില്‍ വെട്ടേറ്റനിലയില്‍ അന്‍സാര്‍ റോഡിലെത്തി വാഹനങ്ങള്‍ക്ക് കൈകാണിച്ചതോടെയാണ് ദുരൂഹമായ ഇരട്ടക്കൊല പുറത്തറിഞ്ഞത്. വെട്ടേറ്റ അന്‍സാറിനെ നാട്ടുകാര്‍ ചേര്‍ന്ന് പട്ടാമ്പിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഇതിനിടെ കുത്തിയത് സുഹൃത്താണെന്ന് അന്‍സാര്‍ മൊഴിനല്‍കിയിരുന്നു. തുടര്‍ന്ന് മുസ്തഫയെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇതിനുപിന്നാലെയാണ് കാണാതായ കബീറിനായി തിരച്ചില്‍ ആരംഭിച്ചത്. സംഭവസ്ഥലമായ പുഴയരികില്‍ പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തുന്നതിനിടെയാണ് കബീറിന്റെ മൃതദേഹം വെള്ളിയാഴ്ച ഉച്ചയോടെ ഭാരതപ്പുഴയില്‍നിന്ന് കണ്ടെത്തിയത്. കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ നിലയിലാണ് കബീറിന്റെ മൃതദേഹവും പുഴയില്‍നിന്ന് കണ്ടെടുത്തത്.