ചെന്നൈ: തെന്നിന്ത്യൻ താരം തൃഷ കൃഷ്ണന്റെ 43-ാം ജന്മദിനം ഇത്തവണ വെറുമൊരു ആഘോഷം മാത്രമല്ല, തമിഴ് രാഷ്ട്രീയത്തിലെ ചരിത്രപരമായ ഒരു വിജയത്തിന്റെ കൂടി അടയാളപ്പെടുത്തലായി മാറുകയാണ്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിന്റെ തമിഴക വെട്രി കഴകം (ടി.വി.കെ) 107 സീറ്റുകളോടെ ഏറ്റവും വലിയ ഒറ്റകക്ഷിയായ വോട്ടെണ്ണൽ ദിനത്തിലായിരുന്നു തൃഷയുടെ പിറന്നാൾ. നടിമാരായ ലക്ഷ്മി മഞ്ചു, രാധിക ശരത്കുമാർ, ചാർമി കൗർ എന്നിവർ പങ്കുവെച്ച ആശംസകളിൽ ഈ വിജയത്തെക്കുറിച്ച് പരോക്ഷമായി പരാമർശിച്ചത് ആരാധകർക്കിടയിൽ വലിയ ചർച്ചകൾക്ക് തുടക്കമിട്ടു. തൃഷയുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾക്ക് ഈ ആശംസകൾ കൂടുതൽ കരുത്തുപകരുന്നു.
വിജയിന്റെ ഉജ്ജ്വല വിജയത്തെ തൃഷയ്ക്ക് ലഭിച്ച ‘പിറന്നാൾ സമ്മാന’മായാണ് ലക്ഷ്മി മഞ്ചു വിശേഷിപ്പിച്ചത്. “ആഘോഷിക്കാൻ എത്ര മനോഹരമായ ദിവസം. ആ വലിയ വിജയം വഴി നിനക്ക് ഏറ്റവും മികച്ച പിറന്നാൾ സമ്മാനം നൽകാനാണ് പ്രപഞ്ചം തീരുമാനിച്ചിരിക്കുന്നത് എന്ന് തോന്നുന്നു. ഇത് ഇരട്ടി ആഘോഷത്തിന്റെ ദിവസമാണ്,” ലക്ഷ്മി മഞ്ചു ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഇതിന് പിന്നാലെ “പിറന്നാൾ ആശംസകൾ, എന്തൊരു സമ്മാനമാണിത്” എന്ന രാധിക ശരത്കുമാറിന്റെ വാക്കുകളും ചർച്ചയായി. വിജയിന്റെ രാഷ്ട്രീയ വിജയത്തെ തൃഷയുടെ വ്യക്തിപരമായ സന്തോഷവുമായി ബന്ധിപ്പിക്കുന്നത് ഇരുവരും തമ്മിലുള്ള ആഴത്തിലുള്ള സൗഹൃദത്തിന്റെയും വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളുടെയും സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്.
നടി ചാർമി കൗറിന്റെ കുറിപ്പിലായിരുന്നു ഏറ്റവും ശ്രദ്ധേയമായ പരാമർശങ്ങൾ ഉണ്ടായിരുന്നത്. തൃഷയെ ഒരു ‘ഭാഗ്യദേവത’ എന്ന് വിശേഷിപ്പിച്ച ചാർമി, ഈ ജന്മദിനം ചരിത്രപുസ്തകങ്ങളിൽ ഒരു വിജയമായി അടയാളപ്പെടുത്തപ്പെടുമെന്നും പറഞ്ഞു. വോട്ടെണ്ണൽ ദിനത്തിൽ തൃഷ തിരുപ്പതിയിൽ ദർശനം നടത്തിയതും വിജയിന്റെ വിജയത്തിനായി പ്രാർത്ഥിച്ചതും നേരത്തെ വാർത്തയായിരുന്നു. തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച ജോഡികൾ രാഷ്ട്രീയത്തിലും കൈകോർക്കുന്നു എന്ന വാർത്തകൾക്കിടയിൽ ചാർമിയുടെ ഈ വാക്കുകൾ തൃഷയുടെ രാഷ്ട്രീയ സ്ഥാനാർത്ഥിത്വത്തിലേക്കുള്ള വലിയ സൂചനയായാണ് ആരാധകർ വിലയിരുത്തുന്നത്.
തിരഞ്ഞെടുപ്പ് നടന്ന തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളുമായി ചേർത്തുവെച്ചാണ് ആരാധകർ ഈ കുറിപ്പുകളെല്ലാം വായിക്കുന്നത്. കന്നിത്തിരഞ്ഞെടുപ്പിൽ തന്നെ ഡി.എം.കെയെയും അണ്ണാ ഡി.എം.കെയെയും അപ്രസക്തമാക്കി വിജയ് നേടിയ മിന്നും വിജയം തമിഴ്നാടിന്റെ ചരിത്രം മാറ്റിമറിച്ചിരിക്കുകയാണ്. ഈ വിജയത്തിൽ തൃഷയ്ക്കും നിർണ്ണായക പങ്കുണ്ടെന്ന തരത്തിലാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ. വിജയ് രാജിവെച്ചേക്കാവുന്ന ട്രിച്ചി ഈസ്റ്റ് മണ്ഡലത്തിൽ തൃഷ മത്സരിക്കുമെന്ന വാർത്തകൾക്കിടയിൽ നടിമാരുടെ ഈ പരസ്യമായ പിന്തുണ ഏറെ പ്രസക്തമാണ്.
സിനിമാ ലോകത്തെ പ്രമുഖർ ഇത്തരത്തിൽ രാഷ്ട്രീയ സൂചനകളുള്ള ആശംസകൾ പങ്കുവെക്കുന്നത് തമിഴ് മണ്ണിൽ പുതിയൊരു താരം കൂടി രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുന്നു എന്നതിന്റെ ഉറപ്പായി പലരും കാണുന്നു. തൃഷ ഇതുവരെ തന്റെ രാഷ്ട്രീയ നിലപാട് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, വിജയിന്റെ വിജയദിനത്തിൽ ലഭിച്ച ഈ വിശേഷപ്പെട്ട ആശംസകൾ താരത്തിന്റെ വരാനിരിക്കുന്ന രാഷ്ട്രീയ ഇന്നിംഗ്‌സിന് മുന്നോടിയാണെന്ന് ഉറപ്പാണ്.
Actresses Lakshmi Manchu, Radikaa Sarathkumar, and Charmee Kaur’s birthday wishes for Trisha Krishnan have sparked political debates as they subtly referenced Vijay’s massive victory in the Tamil Nadu Assembly elections. Following TVK’s emergence as the largest party with 107 seats on Trisha’s birthday, the actresses called the win a “perfect birthday gift” and predicted the day would be “recorded in history,” further fueling rumors about Trisha’s potential political debut.


