അഗർത്തല: ത്രിപുരയിലെ സെപാഹിജാല ജില്ലയിൽ അഞ്ച് മാസം പ്രായമുള്ള മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. ഭർത്താവ് അമിത് ദെബ്ബർമ റബ്ബർ തോട്ടത്തിൽ ജോലിക്കു പോയ സമയത്തായിരുന്നു മകൾ റിമിയെ മാതാവായ സുചിത്ര കൊലപ്പെടുത്തിയതെന്ന് സോണാമുര പൊലീസ് സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് തപസ് ദാസ് പറഞ്ഞു. ഒരു വർഷത്തിലേറെയായി പ്രണയത്തിലായിരുന്ന യുവാവുമായി ഒളിച്ചോടാൻ വേണ്ടിയാണ് യുവതി തന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയത്.
കുഞ്ഞിനെ കൊന്ന് മറ്റൊരു പുരുഷനുമായി ഒളിച്ചോടാൻ ആഗ്രഹിച്ചിരുന്നതായി യുവതി മൊഴി നൽകി. പൊലീസ് സംഘം വീട്ടിലെത്തിയപ്പോൾ, കുട്ടി കട്ടിലിൽ കിടക്കുന്ന നിലയിലായിരുന്നു. അമ്മയെ കാണാനില്ലെന്നും കണ്ടെത്തി. ഉടൻ കുട്ടിയെ സോണാമുര സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ അവിടെ എത്തിച്ചപ്പോഴേക്കും കുട്ടി മരിച്ചതായി ഡോക്ടർമാർ പറഞ്ഞു. പോസ്റ്റ്‌മോർട്ടം നടപടികൾ നാളെ നടക്കും. ഗ്രാമത്തിൽനിന്നു തന്നെ യുവതിയെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു.
ത്രിപുരയിലെ ഖോവായ് ജില്ലയിലെ ബെഹലബാരിയിൽ തന്റെ കുഞ്ഞിനെ കൊലപ്പെടുത്തിയതിനു ത്രിപുര സ്റ്റേറ്റ് റൈഫിൾസ് (ടിഎസ്ആർ) ഉദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആൺ കുഞ്ഞിനു പകരം ജനിച്ചത് പെൺകുട്ടിയായതിന്റെ പകയായിരുന്നു കൊലപാതകത്തിനു പിന്നിൽ. ഇതിനുപിന്നാലെയാണ് സംസ്ഥാനത്ത് നിന്ന് പുതിയ കൊലപാതകവാർത്തയും പുറത്തുവരുന്നത്.


