FeaturedHome-bannerNationalNews

മഹുവ മൊയ്ത്ര എംപിയെ ലോക്സഭയിൽ നിന്ന് പുറത്താക്കി

ന്യൂഡല്‍ഹി: ചോദ്യത്തിന് കോഴവാങ്ങിയെന്ന ആരോപണത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്രയെ ലോക്‌സഭയില്‍ നിന്ന് പുറത്താക്കി. പരാതി അന്വേഷിച്ച പാര്‍ലമെന്റ് എത്തിക്‌സ് കമ്മിറ്റി മെഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്ത് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് പരിഗണിച്ച് പ്രമേയം അവതരിപ്പിച്ചാണ് ലോക്‌സഭയില്‍ നിന്ന് മെഹുവയെ പുറത്താക്കിയത്.

എത്തിക്‌സ് കമ്മിറ്റി റിപ്പോര്‍ട്ട് പഠിക്കാന്‍ സമയം അനുവദിക്കണമെന്ന് കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ ഓം ബിര്‍ള സമ്മതിച്ചില്ല. മെഹുവയ്ക്ക് പാര്‍ലമെന്റില്‍ പ്രതികരിക്കാന്‍ അവസരം നല്‍കണമെന്ന ആവശ്യവും അംഗീകരിച്ചില്ല. പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെയാണ് പാസാക്കിയത്.

‘മെഹുവ മൊയ്ത്രയുടെ പെരുമാറ്റം എംപിയെന്ന നിലയില്‍ അധാര്‍മികവും മര്യാദയില്ലാത്തതുമാണെന്ന എത്തിക്‌സ് കമ്മിറ്റിയുടെ നിഗമനങ്ങള്‍ ഈ സഭ അംഗീകരിക്കുന്നു. അതുകൊണ്ട് അവര്‍ എംപിയായി തുടരുന്നത് ഉചിതമല്ല’, മെഹുവയെ പുറത്താക്കിക്കൊണ്ട് സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു.

ചോദ്യത്തിന് കോഴ വിവാദം – നാള്‍വഴി

​2023 ഒക്ടോബര്‍ 15

ലോക്സഭയില്‍ ചോദ്യംചോദിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണംവാങ്ങിയെന്ന് ബിജെപി ആരോപണം.

2023 ഒക്ടോബര്‍ 20 

പാര്‍ലമെന്‍റിലെ ഔദ്യോഗിക ഇ-മെയില്‍ പാസ്‍വേഡ് മഹുവ തനിക്കു പങ്കുവച്ചിരുന്നതായി വ്യവസായി ലോക്സഭ എത്തിക്സ് കമ്മിറ്റിക്ക് സത്യവാങ്മൂലം നല്‍കി.

2023 ഒക്ടോബര്‍ 29

പാര്‍ലമെന്‍റ് ലോഗിന്‍ വ്യവസായിക്കു കൈമാറിയിരുന്നെന്നും പക്ഷെ ഇതിനായി പണം കൈപ്പറ്റിയിട്ടില്ലെന്നും മഹുവ.

2023 നവംബര്‍ 2

മഹുവ എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരായി. അതിരുവിട്ട ചോദ്യങ്ങള്‍ ചോദിച്ചുവെന്നാരോപിച്ച് കമ്മിറ്റിയോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി.

2023 നവംബര്‍ 9

മഹുവയെ പുറത്താക്കാന്‍ ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് ലോക്സഭാ എത്തിക്സ് കമ്മിറ്റി അംഗീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button