കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ വീഴ്ചയിൽ ആർക്കെതിരെയും നടപടിയെടുക്കാതെ സിപിഎം. ചില ദുഷ്പ്രവണതകൾ കണ്ടെന്നും മേലിൽ ആവർത്തിക്കരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ താക്കീത് നൽകി. തൃക്കാക്കരയിലെ പരാജയത്തെക്കുറിച്ച് റിപ്പോർട്ട് നൽകാൻ എ.കെ.ബാലനും ടി.പി.രാമകൃഷ്ണനും അംഗങ്ങളായ അന്വേഷണ കമ്മിഷനെ പാർട്ടി നിയോഗിച്ചിരുന്നു. ഈ റിപ്പോർട്ട് സംസ്ഥാന സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേർന്ന എറണാകുളം ജില്ലാ കമ്മിറ്റിയിൽ ചർച്ച ചെയ്തശേഷമാണ് ആർക്കെതിരെയും നടപടി എടുക്കേണ്ടെന്നു തീരുമാനിച്ചത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സംബന്ധിച്ച് ജില്ലാ നേതൃത്വത്തിനെതിരെയും സംസ്ഥാന കമ്മിറ്റിയിലെ ചില അംഗൾക്കെതിരെയും റിപ്പോർട്ടിൽ പരാമർശമുണ്ടായിരുന്നു. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആർക്കെതിരെയും നടപടി സ്വീകരിക്കേണ്ടെന്ന് ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് ഇത്തരം ദുഷ്പ്രവണതകൾ ഇനി ആവർത്തിക്കരുതെന്ന് എം.വി.ഗോവിന്ദൻ താക്കീത് നൽകിയത്.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയത്തിൽ പാളിച്ച സംഭവിച്ചെന്നു സിപിഎമ്മിന്റെ അന്വേഷണ കമ്മിഷൻ റിപ്പോർട്ടിലുണ്ടായിരുന്നു. ജോ ജോസഫിനെ സ്ഥാനാർഥിയായി അവതരിപ്പിച്ചതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളെ വേണ്ടവിധം പ്രതിരോധിക്കാൻ പാർട്ടിക്കും എൽഡിഎഫിനും സാധിക്കാഞ്ഞതു തോൽവിയുടെ ആക്കംകൂട്ടിയെന്ന് കമ്മിഷൻ ചൂണ്ടിക്കാട്ടി. പാർട്ടി വോട്ടുകൾ തന്നെ ചോർന്നതായും കമ്മിഷൻ കണ്ടെത്തി.