തിരുവനന്തപുരം: നെറ്റ്വര്‍ക്ക് തകരാറായതിനെ തുടര്‍ന്ന് ഇന്നലെ ട്രഷറി ഇടാപാടുകള്‍ പൂര്‍ണമായി തടസപ്പെട്ടു. സോഫ്റ്റ്വെയര്‍ പ്രവര്‍ത്തനരഹിതമായതോടെ വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സാമ്പത്തിക ഇടപാടുകളും ജീവനക്കാരുടെയും വിരമിച്ചവരുടെയും ശമ്പളം, പെന്‍ഷന്‍ വിതരണവും സ്തംഭിച്ചു. ഇന്നലെ വൈകീട്ട് നാല് മണിയോടെ പ്രശ്‌നം പരിഹരിച്ചെങ്കിലും ഇന്നും ട്രഷറിയുടെ പ്രവര്‍ത്തനം ഭാഗികമായി തടസപ്പെടുമെന്നാണു സൂചന.
ഇഴച്ചിലും ഇടയ്ക്കിടെ തകരാറുകളും പതിവാണെങ്കിലും വൈകീട്ടു നാല് വരെ സോഫ്റ്റ്വെയര്‍ നിശ്ചലമാകുന്നതു സമീപകാലത്ത് ആദ്യമാണ്. ട്രഷറി ശാഖകള്‍ക്കു പുറമേ ഇടപാടുകള്‍ക്കു ട്രഷറിയെ ആശ്രയിക്കുന്ന മോട്ടര്‍ വാഹന വകുപ്പ്, രജിസ്‌ട്രേഷന്‍ വകുപ്പ് എന്നിവയ്ക്കു കീഴിലെ എല്ലാ ഓഫീസുകളുടെയും പ്രവര്‍ത്തനവും മുടങ്ങി. ഈ ഓഫീസുകളില്‍ അവധിയുടെ പ്രതീതിയായി.
സര്‍ക്കാരിന്റെ സാമ്പത്തിക ഇടപാടുകളുടെ നട്ടെല്ലായ ട്രഷറി ശൃംഖല പണിമുടക്കുന്നത് ആറ് വര്‍ഷമായി തുടരുന്നുണ്ടെങ്കിലും ശാശ്വത പരിഹാരമായിട്ടില്ല. സംസ്ഥാനത്തെ ഏറ്റവും വലിയ ഡാറ്റാബേസാണ് ട്രഷറിയുടേത്. ഇതു താങ്ങാനുള്ള ശേഷി ട്രഷറിയിലെ സര്‍വറുകള്‍ക്കും സോഫ്റ്റ്വെയറിനും ഇല്ല.