കണ്ണൂര്‍: ജില്ലാ ട്രഷറിയില്‍നിന്നു ഗുണഭോക്താക്കള്‍ക്കുള്ള പണം സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയ ട്രഷറി ജീവനക്കാരന്‍ പിടിയില്‍. ജില്ലാ ട്രഷറി സീനിയര്‍ അക്കൗണ്ടന്റായ കൊറ്റാളി സ്വദേശി നിധിന്‍രാജ് ചെല്ലട്ടന്‍ (38) ആണ് പിടിയിലായത്. ആറ് ഇടപാടുകളില്‍നിന്നായി മൂന്നു ലക്ഷത്തോളം രൂപ ഇയാള്‍ സ്വന്തം അക്കൗണ്ടിലേക്കു മാറ്റുകയായിരുന്നു.
ജില്ല ട്രഷറി ഓഫീസറുടെ പരാതിയിലാണ് ടൗണ്‍ പോലീസ് കേസെടുത്തത്. കൂടുതല്‍ തെളിവുകളെടുത്ത ശേഷം നിധിന്‍ രാജിനെ കോടതിയില്‍ ഹാജരാക്കും. ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്ന് കഴിഞ്ഞ 16ന് ഇയാളെ അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഇന്നലെ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. ക്രമക്കേടിന്റെ കൂടുതല്‍ തെളിവുകള്‍ വിജിലന്‍സിന് ലഭിച്ചതായാണ് സൂചന.
2016 മുതല്‍ തട്ടിപ്പ് നടന്നു വന്നതായി കണ്ടെത്തിയിട്ടുണ്ട്. വിജിലന്‍സ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. സര്‍ക്കാര്‍ പദ്ധതിയിലെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കേണ്ടുന്ന പണം, കര്‍ഷക തൊഴിലാളികളുടെ ആനുകൂല്യം, എച്ച്ഡിസി ആനുകൂല്യം, കൈത്തറി, മൃഗസംരക്ഷണം, ദുരിതാശ്വാസം തുടങ്ങി നിരവധി പദ്ധതികളിലെ പണമാണ് തിരിമറി നടത്തിയത്.
അക്കൗണ്ട് വിവരങ്ങളില്‍ വ്യക്തതക്കുറവുള്ളവരുടെ പണമാണ് ജീവനക്കാരന്‍ സ്വന്തം അക്കൗണ്ടിലേക്കു മാറ്റിയത്. നിധിന്‍ രാജിന്റെ ഒരു തട്ടിപ്പ് നേരത്തെ ട്രഷറി ഉദ്യോഗസ്ഥര്‍ പിടികൂടിയിരുന്നു. കൂടുതല്‍ ആളുകളുടെ പണം പോയിട്ടുണ്ടോയെന്നു കൂടുതല്‍ പരിശോധനയിലെ വ്യക്തമാക്കാന്‍ സാധിക്കുവെന്നു പോലീസ് പറഞ്ഞു.
നിധിന്‍ രാജിനെ പിടികൂടിയ സംഘത്തില്‍ കണ്ണൂര്‍ ടൗണ്‍ സിഐ ശ്രീജിത്ത് കൊടേരി, എസ് ഐ നസീബ്, എഎസ്‌ഐ അജയന്‍, ഷിനോബ്, പ്രശാന്ത് എന്നിവരും ഉണ്ടായിരുന്നു.