കോട്ടയം: തമിഴ്‌നാട്ടിൽ നിന്നെത്തിയ വനിതാ മോഷ്ടാക്കളുടെ സംഘം കോട്ടയം ജില്ലയിൽ സജീവമെന്ന് പൊലീസ്. കഴിഞ്ഞ ദിവസം ബസിനുള്ളിൽ വീട്ടമ്മയുടെ മാല കവർന്ന കേസിൽ തമിഴ്നാട് തിരുപ്പൂർ സ്വദേശിനിയായ പ്രിയ, ലക്ഷ്മി എന്നീ പേരുകളിൽ അറിയപ്പെടുന്ന നന്ദിനി പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്യവെയാണ് പൊലീസിന് വനിതകളടങ്ങിയ മോഷണ സംഘം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ എത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചത്.
തമിഴ്‌നാട്ടിൽ നിന്ന് ട്രെയിൻ മാർഗ്ഗമാണ് ഇവർ കോട്ടയത്തു എത്തിയത്. തുടർന്ന് ജില്ലയുടെ പല ഭാഗങ്ങളിലായി ഇവർ തമ്പടിച്ചു. തിരക്കുള്ള ബസുകളിൽ കയറുകയും, സ്ത്രീകൾ തോളിൽ തൂക്കിയിടുന്ന ബാഗുകൾ തുറന്ന് വിലപിടിപ്പുള്ള സാധനങ്ങൾ കവർന്നെടുക്കുക എന്നതാണ് വനിതകൾ അടങ്ങുന്ന ഈ സംഘത്തിന്റെ രീതി.
തുടർന്ന് അടുത്ത സ്റ്റോപ്പിൽ ഇറങ്ങുകയും അടുത്ത ബസിൽ കയറുകയും ചെയ്യും. ഏതെങ്കിലും കേസിൽ പിടിക്കപ്പെട്ടാൽ ഇവർക്ക് നിയമ സഹായം നൽകുന്നതിന് വലിയ സംഘം പുറത്തുണ്ടെന്നും പൊലീസ് പറയുന്നു.
കഴിഞ്ഞ ദിവസമായിരുന്നു നന്ദിനിയെ പാമ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം-എരുമേലി മുക്കൻപെട്ടി റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിനുള്ളിൽ വീട്ടമ്മയുടെ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന ഒരു ലക്ഷം രൂപ വില വരുന്ന വൈറ്റ് ഗോൾഡ് നെക്ലേസ് കവർച്ച ചെയ്യവെയാണ് ഇവർ പിടിയിലാകുന്നത്. ആലുവ, മരട്, പാലാരിവട്ടം, കല്ലമ്പലം എന്നീ സ്റ്റേഷനുകളിലെ മോഷണ കേസുകളിൽ പ്രതിയാണ് നന്ദിനി.