KeralaNews

ലഗേജിനും ടിക്കറ്റ് എടുക്കണമെന്ന് ആവശ്യപ്പെട്ടു; ഇതരസംസ്ഥാന തൊഴിലാളി വനിതാ കണ്ടക്ടറെ ആക്രമിച്ചു

കൊല്ലം: കെഎസ്ആര്‍ടിസിയിലെ യാത്രക്കാരനോട് ലഗേജിന് ടിക്കറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടതിന് വനിതാകണ്ടക്ടര്‍ക്ക് നേരെ ആക്രമണം. കല്ലമ്പലം പിപി കോട്ടേജില്‍ വി റോഷ്നി(45)ക്കാണ് ആക്രമണ്തതില്‍ പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ചികിത്സ നല്‍കി. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന ഫാസ്റ്റ്പാസഞ്ചര്‍ ബസില്‍ ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.

കെഎസ്ആര്‍ടിസി ബസിലെ യാത്രക്കാരനായ രാജസ്ഥാന്‍ സ്വദേശി ഓംപ്രകാശ്(30) ആണ് റോഷ്നിയെ ആക്രമിച്ചത്. ഇയാളെ ബസിലെ മറ്റ് യാത്രക്കാര്‍ തടഞ്ഞുവെച്ച് ബസ് സ്റ്റാന്‍ഡിലെത്തിച്ച് പോലീസിന് കൈമാറുകയായിരുന്നു.

ആറ്റിങ്ങലില്‍ നിന്നാണ് റോഷ്നി കണ്ടക്ടറായി ജോലി ചെയ്യുന്ന ബസില്‍ ഓംപ്രകാശ് കയറിയത്. ഇയാള്‍ ബസിന്റെ പിന്‍ഭാഗത്തായി ലഗേജ് വെച്ച് മുന്നില്‍ ഇരിക്കുകയായിരുന്നു. ബസ് കൊട്ടിയത്ത് എത്തിയതോടെ ലഗേജ് ശ്രദ്ധയില്‍പ്പെട്ട കണ്ടക്ടര്‍ ഉടമസ്ഥനെ തിരക്കിയെങ്കിലും മറുപടി കിട്ടിയില്ല.

പിന്നീട് ചിന്നക്കടയിലെത്തി ഇയാള്‍ ലഗേജുമായി ഇറങ്ങാന്‍ നോക്കുമ്പോള്‍ ടിക്കറ്റെടുക്കണമെന്ന് കണ്ടക്ടര്‍ ആവശ്യപ്പെടുകയായിരുന്നു. ഇതാണ് പ്രശ്നങ്ങളിലേക്ക് വഴിതെളിച്ചത്. ബഹളംവെച്ച ഓംപ്രകാശ് കണ്ടക്ടറെ ആക്രമിക്കുകയായിരുന്നു. കണ്ടക്ടര്‍ തൊഴിയേറ്റ് നിലത്തുവീണു. എങ്കിലും അക്രമി ഇവരെ വിടാതെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.

ബസില്‍ വീണുപോയ തന്നെ യാത്രക്കാരാണ് രക്ഷപ്പെടുത്തിയതെന്ന് കണ്ടക്ടര്‍ പറയുന്നു. യാത്രക്കാരിടപെട്ട് ഇയാളെ പിടിച്ചുവെച്ച് ബസ് സ്റ്റാന്‍ഡിലേക്ക് വിടുകയായിരുന്നു. സംഭവത്തില്‍ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button