News

‘ഭീഷണിപ്പെടുത്തി, പര്‍ദ്ദയിടാന്‍ നിര്‍ബന്ധിച്ചു’ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നു പിന്മാറുകയാണെന്ന് വേങ്ങരയിലെ ട്രാന്‍സ്ജെന്റര്‍ സ്ഥാനാര്‍ത്ഥി

മലപ്പുറം: വേങ്ങര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നു പിന്മാറുന്നതായി ട്രാന്‍സ്ജെന്റര്‍ സ്ഥാനാര്‍ത്ഥി അനന്യ അലക്സ്. പാര്‍ട്ടി നേതാക്കള്‍ തന്നെ ഭീഷണിപ്പെടുത്തുന്നുവെന്നാരോപിച്ചാണ് അനന്യ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നു പിന്മാറുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഡെമോക്രാറ്റിക് സോഷ്യല്‍ ജസ്റ്റിസ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് അനന്യ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചത്. അതേസമയം, പാര്‍ട്ടിയുടെ ഉദ്ദേശം പബ്ലിസിറ്റിക് മാത്രമാണെന്നും പര്‍ദ്ദയിട്ട് നടക്കാന്‍ തന്നെ നിര്‍ബന്ധിച്ചെന്നും എന്നാല്‍ ഇതിനു വഴങ്ങിയില്ലെന്നും അനന്യ പറഞ്ഞു. സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ആദ്യ ട്രാന്‍സ്‌ജെന്റര്‍ വ്യക്തിയാണ് അനന്യ.

പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് കൊല്ലം പെരുമണ്‍ സ്വദേശിയായ താന്‍ വേങ്ങരയിലെ സ്ഥാനാര്‍ത്ഥിയായതെന്ന് അനന്യ തന്നെ നേരത്തെ പറഞ്ഞിരുന്നു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കെഎസ്ആര്‍ മേനോന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഡിഎസ്‌ജെപി സ്ഥാനാര്‍ത്ഥികളെന്ന പേരില്‍ മത്സരരംഗത്തുള്ളവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ഇക്കാര്യം ചൂണ്ടികാണിച്ച് കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു കെഎസ്ആര്‍ മേനോന്‍ പറഞ്ഞത്.

കേരള നിയമസഭയിലേക്ക് ജനവിധി തേടുന്ന ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ സ്ഥാനാര്‍ഥിയായിരുന്നു അനന്യ. മേക്കപ്പ് ആര്‍ട്ടിസ്റ്റും വാര്‍ത്താ അവതാരകയും കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കിയും കൂടിയാണ് അനന്യ കുമാരി. കൊല്ലം പെരുമണ്‍ സ്വദേശിനിയാണ്. പി.കെ കുഞ്ഞാലിക്കുട്ടിയാണ് വേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. സിപിഐ(എം) കൊണ്ടോട്ടി ഏരിയാ കമ്മറ്റി അംഗവും ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റി അംഗവുമായ പി ജിജി ആണ് വേങ്ങരയിലെ ഇടത് സ്ഥാനാര്‍ത്ഥി.

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ വേങ്ങര, കണ്ണമംഗലം, എആര്‍ നഗര്‍, ഊരകം, പറപ്പൂര്‍, ഒതുക്കുങ്ങല്‍ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് വേങ്ങര നിയമസഭാമണ്ഡലം. 2008ല്‍ നടന്ന നിയമസഭാ മണ്ഡല പുനര്‍നിര്‍ണയത്തോടെയാണ് വേങ്ങര നിയമസഭാമണ്ഡലം നിലവില്‍ വന്നത്. കോണ്‍ഗ്രസിനും ലീഗിനും ശക്തമായ സ്വാധീനമുള്ള മണ്ഡലം കൂടിയാണ് വേങ്ങര.

മുസ്ലീം ലീഗിനും കോണ്‍ഗ്രസിനും ശക്തമായ സ്വാധീനമുള്ള വേങ്ങരയില്‍ നിലവില്‍ ലീഗ് നേതാവ് കെഎന്‍ ഖാദര്‍ ആണ് എംഎല്‍എ. ഇ അഹമ്മദിന്റെ മരണത്തോടെ 2017ല്‍ നടന്ന ഉപതെരഞ്ഞെടുപ്പിലായിരുന്നു അദ്ദേഹത്തിന്റെ വിജയം. വേങ്ങര മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്ന പികെ കുഞ്ഞാലിക്കുട്ടി ലോക്സഭാംഗമായതോടെ രാജിവച്ച ഒഴിവിലാണ് വേങ്ങരയില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്. ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ ബഷീറിനെതിരേ 23310 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് കെഎന്‍ എ ഖാദര്‍ വിജയിച്ചത്. പിപി ബഷീര്‍ 41,917 വോട്ടുകള്‍ നേടിയപ്പോള്‍ 65,227 വോട്ടുകള്‍ സ്വന്തമാക്കിയായിരുന്നു ഖാദറിന്റെ വിജയം.

2016ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.കെ കുഞ്ഞാലിക്കുട്ടി 72,181 വോട്ടുകള്‍ നേടിയായാണ് ഇവിടെ വിജയിച്ചത്. എതിര്‍സ്ഥാനാര്‍ഥിയായിരുന്ന സിപിഎം നേതാവ് പിപി ബഷീറിന് 34,124 വോട്ടുകളാണ് നേടാനായത്. യുഡിഎഫ് ഭരണം പിടിച്ച 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി 63,138 വിജയം സ്വന്തമാക്കിയപ്പോള്‍ ഇടതുമുന്നണിയിലെ ഐഎന്‍എല്‍ സ്ഥാനാര്‍ഥി കെപി ഇസ്മായിലിന് 24,901 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

മലപ്പുറം ലോക്സഭാ പരിധിയില്‍ വരുന്ന മണ്ഡലമാണ് വേങ്ങര. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, മഞ്ചേരി, പെരിന്തല്‍മണ്ണ, മങ്കട, മലപ്പുറം, വേങ്ങര, വള്ളിക്കുന്ന് എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് മലപ്പുറം ലോകസഭാ നിയോജകമണ്ഡലം. മണ്ഡലത്തിലെ എംപിയായ പികെ കുഞ്ഞാലിക്കുട്ടി രാജിവച്ചതോടെ മണ്ഡലത്തില്‍ എംപി ഇല്ലാത്ത അവസ്ഥയിലാണ്. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ലോക്സഭാ എംപിയായ കുഞ്ഞാലിക്കുട്ടി രാജിവെക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button